salute-issue

മലപ്പുറം: കരിപ്പൂർ വിമാനാപകടത്തിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ട് നൽകിയ മലപ്പുറം കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ നിസാറിനെതിരെ നടപടിയുണ്ടാവില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെയായിരുന്നു സല്യൂട്ടെങ്കിലും ഉദ്ദേശം നല്ലതായിരുന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി വേണ്ടെന്നുവച്ചത്. ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടിലെത്തി പൊലീസുകാരൻ സല്യൂട്ട് ചെയ്തത് വിവാദമായതോടെ ജില്ലാ പൊലീസ് മേധാവി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസുകാരന്റെ നടപടി ചട്ടവിരുദ്ധമാണെങ്കിലും നല്ല ഉദ്ദേശത്തോടെയുള്ളതാണെന്നാണ് കൊണ്ടോട്ടി സ്‌റ്റേഷൻ ഹൗസ് ഓഫീസർ നൽകിയ റിപ്പോർട്ട്. രക്ഷാപ്രവർത്തകരെ കണ്ടപ്പോൾ വികാരഭരിതനായി ചെയ്തതാണെന്നും ചട്ടലംഘനം ആലോചിച്ചില്ലെന്നുമാണ് പൊലീസുകാരന്റെ മറുപടി. ചട്ടലംഘനം മാത്രം ചൂണ്ടിക്കാട്ടി നടപടിയെടുക്കുന്നത് നാണക്കേടായേക്കാമെന്ന അഭിപ്രായം ഉന്നത ഉദ്യോഗസ്ഥർക്കുണ്ട്. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ പൊലീസുകാരനെതിരെ നടപടിയെടുക്കരുതെന്ന ആവശ്യമുയർത്തി നിരവധിപേർ കമന്റുകളുമായി എത്തിയതോടെ നടപടിയുണ്ടാവില്ലെന്ന് കളക്ടറും ഉറപ്പേകിയിരുന്നു.