നിലമ്പൂർ: അന്തർസംസ്ഥാന പാതയിൽ നാടുകാണി ചുരം റോഡിൽ വിള്ളലുണ്ടായ ഭാഗത്ത് സുരക്ഷാ പ്രവൃത്തികൾ ആരംഭിച്ചു. നാടുകാണി പരപ്പനങ്ങാടി പാത നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതലയുള്ള ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് പ്രവൃത്തികൾ. കഴിഞ്ഞ ദിവസം ചുരം റോഡിൽ അത്തിക്കുറുക്കു ഭാഗത്ത് 30 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. തുടർന്ന് താഴ്വാരത്തുള്ളവരെ മാറ്റിപ്പാർപ്പിച്ചു. ഗതാഗതവും നിരോധിച്ചു. തിങ്കളാഴ്ച വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ വൈകിട്ടോടെ ഗതാഗതം പുനഃസ്ഥാപിച്ചു. നവീകരണ പ്രവൃത്തികൾ പൂർത്തിയായ റോഡിൽ വിള്ളൽ രൂപപ്പെട്ട സ്ഥലത്ത് മണ്ണ് നീക്കി കൂടുതൽ ശക്തിപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങളാണ് ചൊവ്വാഴ്ച രാവിലെ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുള്ളത്. പ്രവൃത്തികൾ വിലയിരുത്താൻ പി.വി.അൻവർ എം.എൽ.എ സ്ഥലം സന്ദർശിച്ചു. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ.സുകു, ജനപ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.