മലപ്പുറം: ശക്തമായ കാലവർഷത്തിൽ ജില്ലയുടെ കാർഷിക മേഖലക്ക് 32.397 കോടി രൂപയുടെ നാശനഷ്ടമെന്ന് കാർഷിക വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. ഈ മാസം ആഗസ്റ്റ് ഒന്ന് മുതൽ 12 വരെയുള്ള കണക്കാണിത്. കൊവിഡും ലോക്ക് ഡൗണും മൂലം പ്രതിസന്ധിയിലായ കർഷകർക്ക് ഇരുട്ടടിയാണ് കാലവർഷം സമ്മാനിച്ചത്. 7,188 കർഷകരുടെ 679 ഹെക്ടർ കൃഷി ഭൂമിയാണ് കാലവർഷക്കെടുതിക്കിരയായത്. നിലമ്പൂർ ബ്ലോക്കിലെ ചാലിയാർ കൃഷി ഭവൻ, വണ്ടൂർ ബ്ലോക്കിലെ മമ്പാട് കൃഷി ഭവൻ, പരപ്പനങ്ങാടി ബ്ലോക്കിലെ പരപ്പനങ്ങാടി കൃഷിഭവൻ, വേങ്ങര ബ്ലോക്കിലെ ഊരകം കൃഷി ഭവൻ എന്നിവിടങ്ങളിലാണ് കൂടുതൽ കൃഷി നാശം സംഭവിച്ചത്. ജില്ലയിൽ വാഴ കൃഷിക്കാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായതെന്ന് ജില്ലാ കാർഷിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) ആർ.രുക്മണി പറഞ്ഞു.
പ്രധാന കൃഷി നാശം
കുലച്ച നേന്ത്രകുലകൾ
2,37,313 എണ്ണം
കുലയ്ക്കാത്ത നേന്ത്രകുലകൾ
2,84,329 എണ്ണം
കവുങ്ങ് കായ്ക്കുന്നത്- 38,982 എണ്ണം
കവുങ്ങ് കായ്ക്കാത്തത്-7,370 എണ്ണം
റബ്ബർ ടാപ്പിംഗ് നടക്കുന്നത്- 4,361 എണ്ണം
റബ്ബർ ടാപ്പിംഗ് നടക്കാനുള്ളത്- 2,047 എണ്ണം
മരച്ചീനി- 48 ഹെക്ടർ
നെൽ കൃഷി-17 ഹെക്ടർ
പച്ചക്കറി-13 ഹെക്ടർ
നഷ്ടം-32.397 കോടി രൂപ
ബാധിച്ച കർഷകർ- 7,188
നശിച്ച കൃഷിഭൂമി- 679 ഹെക്ടർ