പൊന്നാനി: ലോകത്തിന്റെ ഭൂപടം ഭൂഗോളത്തിൽ മാത്രമല്ല ഒഴിഞ്ഞ കുപ്പിയിലും ആകാമെന്ന് വരച്ചു കാണിക്കുകയാണ് കൃഷ്ണ. ലോക്ക്ഡൗൺ കാലത്തെ അതിസാഹസത്തിന് കൃഷ്ണയെ തേടിയെത്തിയത് ദേശീയ അന്തർദേശീയ അംഗീകാരം. ഒഴിഞ്ഞ ഒരു കുപ്പിയുടെ പുറത്ത് കൃഷ്ണ വരച്ച ലോകത്തിന്റെയും ഇന്ത്യയുടെയും ഭൂപടം ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടം പിടിച്ചു.
എം.ഇ.എസ് പൊന്നാനി കോളേജിൽ ബിരുദ മൂന്നാം വർഷ വിദ്യാർത്ഥിയായ കൃഷ്ണ ഒഴിവു സമയങ്ങൾ വരയുടെ ലോകത്താണ് ചിലവിടാറ്. ലോക്ക്ഡൗൺ കാലത്ത് ബോട്ടിൽ ആർട്ടിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. കൈയ്യിലുള്ള പെയിന്റ് വെറുതെ വരച്ചുകളയാൻ കൃഷ്ണ ഒരുക്കമായിരുന്നില്ല. വ്യത്യസ്തമായ കലാസൃഷ്ടിയായിരുന്നു മനസ്സിൽ. ഈ അന്വേഷണത്തിനിടെയാണ് കന്യാകുമാരിയിൽ നിന്ന് ഹിമാലയത്തിലേക്കുള്ള റൂട്ട് മാപ്പ് വരച്ച കുപ്പി ശ്രദ്ധയിൽ പെട്ടത്. ഇന്ത്യയോടൊപ്പം ലോകത്തേയും കുപ്പിയുടെ പുറത്തേക്ക് കൊണ്ടുവരാൻ കൃഷ്ണ തീരുമാനിച്ചു. ആദ്യശ്രമം തന്നെ വിജയത്തിലെത്തി. കുപ്പിയുടെ ചുറ്റും ഭൂഖണ്ഡങ്ങളും അതിലെ രാജ്യങ്ങളും അടയാളപ്പെടുത്തി. ഇന്ത്യയുടെ ഭൂപടം രേഖപ്പെടുത്താൻ പ്രത്യേക സ്ഥലം കണ്ടെത്തുകയും ചെയ്തു.
കുപ്പിയുടെ പുറത്ത് ഇളം നീല നിറത്തിലുളള പശ്ചാത്തലത്തിൽ ഒരുക്കിയ ഭൂപടം ഏറെ ആകർഷകമാണ്. ഏഷ്യൻ, ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിലേക്ക് ഒറ്റയിരുപ്പിലാണ് ഭൂപടം ഒരുക്കിയത്. കുപ്പിയുടെ മേലുള്ള കൃഷ്ണയുടെ കരവിരുത് തുടങ്ങിയിട്ട് ഏറെ കാലമായി. കുപ്പിയിൽ ആളുകളെ വരയ്ക്കുന്നതാണ് പ്രിയം. ആവശ്യക്കാർക്ക് വരച്ചു നൽകും. സുഹൃത്തുക്കളുടെ പിറന്നാളിന് കൃഷ്ണയുടെ സമ്മാനം കുപ്പിയിലെ സുന്ദരരൂപമാണ്. ലോക്ക്ഡൗൺ കാലത്ത് ഗൂഗ്ൾ പരതിയതിൽ നിന്നാണ് ബോട്ടിൾ ആർടിന്റെ സാധ്യതകൾ കൃഷ്ണ തിരിച്ചറിഞ്ഞത്. ഇതാണ് ദേശീയ, അന്തർദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. കുഞ്ഞു കുപ്പികളിൽ നിന്ന് വലിയ കുപ്പികളിലേക്ക് വരയെ മാറ്റിയതിൽ കൃഷ്ണയെ പ്രചോദിപ്പിച്ചത് ഇൻസ്റ്റഗ്രാമിലെ ചിത്രങ്ങളായിരുന്നു.
വരയോട് ചെറുപ്പം മുതലെ കൃഷ്ണ കൂട്ടുണ്ട്. ഒന്നാം ക്ലാസിൽ തുടങ്ങിയതാണിത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഓയിൽ പെയിന്റിംഗ് എന്നിവയിൽ മിടുക്കറിയിച്ചിട്ടുണ്ട്. പൊന്നാനി ഓം തൃക്കാവിൽ കൃഷ്ണയുടേയും സുമിതയുടേയും മകളാണ്.