പെരിന്തൽമണ്ണ: ആളുകളുടെ ശ്രദ്ധ ആകർഷിക്കുവാൻ മാത്രമായി സൈലൻസറുകളിൽ മാറ്റം വരുത്തി ശബ്ദംകൂട്ടുക എന്നത് ഏതൊരു ഫ്രീക്കന്റെയും ലക്ഷ്യമാണ്. എന്നാൽ, ഇതു വഴി ശബ്ദവായു മലിനീകരണത്തിന് വൻതോതിൽ കാരണമാകുന്നുണ്ട്. സാധാരണഗതിയിൽ 92 ഡെസിബൽ വരെ ശബ്ദമേ ബൈക്കുകൾക്കും ബുള്ളറ്റുകൾക്കും പാടുള്ളൂ. എന്നാൽ ഇത്തരം ബുള്ളറ്റുകൾ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കിയാണ് ചീറിപ്പായുന്നത്. മലിനീകരണ നിയന്ത്രണം സംബന്ധിച്ച ഭാരത് സ്റ്റേജ് 4 ചട്ടങ്ങളുടെ ലംഘനമാണിത്. സൈലൻസറിന്റെ ശബ്ദംകൂട്ടാനായി ഇവയുടെ 'കാറ്റലറ്റിക് കൺവർട്ടർ' അഴിച്ചുമാറ്റുകയും തൻമൂലം കടുത്ത മലിനീകരണം ഉണ്ടാവുകയും ചെയ്യും. സൈലൻസർ, എക്സ്ട്രാ ലൈറ്റുകൾ, നമ്പർ പ്ലേറ്റ് എന്നിവ അനധികൃതമായി രൂപമാറ്റം വരുത്തി ഉപയോഗിക്കുന്നത് ഇപ്പോൾ നിത്യ കാഴ്ചയാണ്. എന്നാൽ കഴിഞ്ഞ ആഴ്ചയിൽ മലപ്പുറം ആർ.ടി.ഒ അനന്തകൃഷ്ണന് അമിത ശബ്ദം ഉണ്ടാക്കുന്ന ബുള്ളറ്റിനെ കുറിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ജോയിന്റ് ആർ.ടി.ഒ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റഫീഖ് നടത്തിയ അന്വേഷണത്തിൽ ആ ബുള്ളറ്റ് കണ്ടെത്തുകയും അതിന്റെ
അനധികൃത നിയമലംഘനങ്ങൾ അടങ്ങിയ റിപ്പോർട്ട് ആർ.ടി.ഒയ്ക്ക് സമർപ്പിക്കുകയും ചെയ്തു. പിന്നീട് സൈലൻസറും മറ്റു നിയമലംഘനങ്ങളും ഒഴിവാക്കി വാഹനം ഹാജരാക്കാൻ ജോയിന്റ് ആർ. ടി.ഒ ഉത്തരവിടുകയും. അത് പ്രകാരം വാഹന ഉടമ വീണ്ടും വാഹനം ഹാജരാക്കുകയും നിയമലംഘനത്തിന് 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
ഇത്തരം നിയമലംഘനത്തിന് മോട്ടോർ വാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്. അതിനാൽ പരിശോധന വ്യാപകമാക്കാനാണ് അധികൃതരുടെ തീരുമാനം. ബൈക്കിലും മറ്റും രൂപമാറ്റം വരുത്തുക വഴി അന്തരീക്ഷ മലിനീകരണം മാത്രമല്ല ധനനഷ്ടവും കൂടെയുണ്ടാവും. കൂടാതെ അപകടങ്ങളിൽ പെടുമ്പോൾ ഇൻഷുറൻസ് തുക ലഭിക്കുന്നതിനും തടസ്സമാവും ഈ രൂപമാറ്റങ്ങൾ. നിയമ ലംഘനം ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് പെരിന്തൽമണ്ണ ജോയന്റ് ആർ.ടി.ഒയുടെ വാട്സപ്പ് നമ്പറായ 8547639053 വിവരങ്ങൾ കൈമാറാം