covid
കൊവിഡ്

മലപ്പുറം: ജില്ലയിൽ പലയിടങ്ങളിലും മൈക്രോ ക്ലസ്റ്ററുകൾ രൂപപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൊവിഡ് പകരാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം നിർദേശം നൽകി. ഗർഭിണികളും കുട്ടികളും 65 വയസിന് മുകളിലുള്ളവരും മെഡിക്കൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാതിരിക്കാൻ ശ്രദ്ധിക്കണം. ജില്ലയിൽ തുടർച്ചയായി 200ന് മുകളിൽ കൊവിഡ് പോസിറ്റീവ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ രോഗം വരാതിരിക്കാൻ കൂടുതൽ ശ്രദ്ധ നൽകണം. പഞ്ചായത്തുകളിലും നഗരസഭകളിലും പ്രാദേശിക തലത്തിൽ ബോധവത്ക്കരണത്തിനായി മൈക്ക് അനൗൺസ്‌​മെന്റ് നടത്താനും യോഗം തീരുമാനിച്ചു.
യോഗത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ, എ.ഡി.എം എൻ.എം മെഹറലി, സബ്കളക്ടർ കെ.എസ് അഞ്ജു, ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീം, ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ സക്കീന, തുടങ്ങിയവർ പങ്കെടുത്തു.