പെരിന്തൽമണ്ണ: ഒരു വൻപാലമരം കൂടി കുഞ്ഞയമുവിന്റെ ക്രഡിറ്റിലെത്തി. കോട്ടയ്ക്കൽ- പെരിന്തൽമണ്ണ റോഡിൽ പി.ഇ.എസ് ഗ്ലോബൽ സ്‌കൂളിന് സമീപത്ത് സാമൂഹ്യവിരുദ്ധർ തീയിട്ട വലിയ പാലമരം മുറിച്ചുനീക്കാനുള്ള ദൗത്യമാണ് മലപ്പുറം വലിയങ്ങാടി മങ്കരത്തൊടി വീട്ടിൽ കുഞ്ഞിമുഹമ്മദ് (63) എന്ന ഐസുകാരൻ കുഞ്ഞയമുവിനെ തേടിയെത്തിയത്. അപകടനിലയിലായ മരം മുറിച്ചുനീക്കാൻ അധികൃതർ പരസ്യം നൽകിയിരുന്നെങ്കിലും പാലമരവുമായി ബന്ധപ്പെട്ട് പലതരം അന്ധവിശ്വാസങ്ങളും പ്രചരിക്കുന്നതിനാൽ ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ അധികൃതർ തങ്ങളുടെ പഴയ ഫയലുകൾ തപ്പിയപ്പോൾ മലപ്പുറം എം.എസ്.പി ഫയറിംഗ് ഗ്രൗണ്ട്, എടപ്പാൾ കണ്ടനകം കെ.എസ്.ആർ.ടി.സി വളപ്പ് , അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം എന്നിവിടങ്ങളിലെ വൻ പാലമരങ്ങൾ മുറിച്ചുമാറ്റിയ കുഞ്ഞിമുഹമ്മദിനെ കണ്ടെത്തി.
ആദ്യകാലങ്ങളിൽ കോഴിക്കോട് നിന്ന് ഐസ് ബ്ലോക്കുകൾ പെരിന്തൽമണ്ണ വരെ വിതരണം ചെയ്യുന്ന ഏർപ്പാടായിരുന്നു കുഞ്ഞയമുവിന്. കഴിഞ്ഞ 20 വർഷമായി മരക്കച്ചവടത്തിലാണ്. പലരും ഏറ്റെടുക്കാത്ത ക്വട്ടേഷനുകളും ലാഭേച്ഛയില്ലാതെ ഏറ്റെടുത്തിട്ടുണ്ട്. പാലമരത്തടി തൃശൂർ കേന്ദ്രീകരിച്ചുള്ള ശവപ്പെട്ടി നിർമ്മാണത്തിനും കോൺക്രീറ്റിന് ഉപയോഗിക്കുന്ന പലകകൾക്കുമാണ് ഉപയോഗിക്കുന്നതെന്നതിനാൽ കാര്യമായ ലാഭമൊന്നുമില്ലെന്ന് കുഞ്ഞയമു പറയുന്നു. അപകടകരമായ ഇത്തരം മരങ്ങൾ മുറിച്ച് നീക്കി സുരക്ഷിതമായ സാഹചര്യമുണ്ടാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും കുഞ്ഞയമു പറയുന്നു.