കളക്ടർക്കും കൊവിഡ്
മലപ്പുറം: ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്ന ജില്ലാ കളക്ടറടക്കം കളക്ടറേറ്റിലെ 22 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ല കടുത്ത ആശങ്കയിൽ. വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഗൺമാനുമായുള്ള സമ്പക്കത്തെ തുടർന്നാണിത്. എസ്.പി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. എസ്.പിയുമായി ബന്ധമുണ്ടായതിനെ തുടർന്നാണ് കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നടത്തിയത്. സബ് കളക്ടർ, അസിസ്റ്റന്റ് കളക്ടർ, എ.എസ്.പി, അടക്കം ഉന്നത ഉദ്യോഗസ്ഥർ ഇക്കൂട്ടത്തിലുണ്ട്. കരിപ്പൂർ സന്ദർശിച്ചതിന് പിന്നാലെ ജില്ലാ കളക്ടർ ക്വാറന്റൈനിൽ പോയിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധനാ ഫലം ഇന്നലെയാണ് പുറത്തുവന്നത്. ജില്ലയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്നവർക്ക് തന്നെ കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ജില്ലയുടെ സ്ഥിതി കൂടുതൽ ആശങ്കയേകുന്നതാണ്. തിരുവനന്തപുരം കഴിഞ്ഞാൽ മലപ്പുറത്താണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നാല് ദിവസമായി 200ന് മുകളിലാണ് കൊവിഡ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്.
ഇന്നലെ 198 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ അടക്കം 18 പേർക്ക് ഉറവിടമറിയാതെയാണ് രോഗബാധ. ഇതിൽ ആറുപേർ ആരോഗ്യ പ്രവർത്തകരാണ്. ഇവർക്ക് പുറമെ നേരത്തെ രോഗബാധയുണ്ടായവരുമായി അടുത്ത ബന്ധമുണ്ടായ 161 പേർക്കും സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ നാലുപേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. ശേഷിക്കുന്ന 15 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരും. അതിനിടെ ജില്ലയിൽ 424 പേർ വിദഗ്ദ്ധചികിത്സയ്ക്ക് ശേഷം ഇന്നലെ രോഗമുക്തരായി. ഇതുവരെ 2,751 പേരാണ് വിദഗ്ദ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
33,763 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
70,136 പേർക്ക് രോഗബാധയില്ല
ജില്ലയിൽ നിന്ന് ഇതുവരെ ആർ.ടി.പി.സി.ആർ, ആന്റിജൻ വിഭാഗങ്ങളിലുൾപ്പടെ 79,961 പേരുടെ സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതിൽ 77,219 പേരുടെ ഫലം ലഭ്യമായതിൽ 70,136 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 2,629 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.