കുറ്റിപ്പുറം : തവനൂരിൽ മഹാത്മാഗാന്ധിയുടെ പത്നി കസ്തൂർബയുടെ ഓർമ്മകളുറങ്ങുന്ന കെട്ടിടം ആരും തിരിഞ്ഞുനോക്കാനില്ലാതെ നിലംപൊത്തി തുടങ്ങി. തവനൂർ ഗവ. എച്ച്.എസ്.എസിനോട് ചേർന്ന്, കസ്തൂർബ ബാലികാസദനം പ്രവർത്തിച്ച കെട്ടിടമാണ് നിലംപൊത്തിയത്.
പുതുതലമുറയ്ക്ക് കെട്ടിടത്തെ കുറിച്ച് വലിയ ധാരണയില്ലെങ്കിലും പഴമക്കാർക്ക് ഇതുസംബന്ധിച്ച് ഒരുപാട് ഓർമ്മകളുണ്ട്. പട്ടികജാതിയിൽ പെട്ട ബാലികമാർക്ക് താമസിച്ചു പഠിക്കാൻ കെ. കേളപ്പൻ പണികഴിപ്പിച്ചതാണ് കെട്ടിടം. സർവോദയപുരം ഗാന്ധി സ്മാരകത്തിന്റെ കീഴിലുള്ള 25 സെന്റിലാണ് കേന്ദ്രം പ്രവർത്തിച്ചത്. 1965ൽ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായി. ഓഫീസടക്കം ആറുമുറികളും മറ്റ് സൗകര്യങ്ങളും കെട്ടിടത്തിലുണ്ടായിരുന്നു . 1975ൽ കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ച കസ്തൂർബ ബാലികാസദനത്തിലെ അന്തേവാസികളെ പിന്നീട് ഇങ്ങോട്ട് മാറ്റി. 1995 വരെ കസ്തൂർബ സേവാസദനം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചു. താമസിക്കാൻ കുട്ടികളെ കിട്ടാതായതോടെ കേന്ദ്രത്തിന്റെ പ്രവർത്തനം നിലച്ചു. തുടർന്ന് തവനൂരിലേക്ക് അനുവദിച്ച സർക്കാർ ആശുപത്രി ഏറെക്കാലം ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു.
കെ. കേളപ്പൻ ഏറെ നാൾ ഈ കെട്ടിടത്തിൽ താമസിച്ചിരുന്നു. 20 വർഷം മുമ്പുവരെ സ്ഥാപനം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു . പിന്നീട് കേന്ദ്രം പൂട്ടി. ഇന്ന് കേന്ദ്രം തകർന്ന് കാടുപിടിച്ചു കിടക്കുകയാണ്. രാത്രി സാമൂഹ്യവിരുദ്ധരുടെ വിഹാരകേന്ദ്രമാണിത്. ഒപ്പം ഒട്ടനവധി പഠന സാമഗ്രികൾ, കസേര, ജനൽ, വാതിൽ തുടങ്ങിയവ അപഹരിക്കപ്പെട്ടു.
നാടിനെ സംബന്ധിച്ചിടത്തോളം പ്രൗഢമായ ഒരു പാട് ഓർമ്മകൾ ഉറങ്ങിക്കിടക്കുന്ന ഈ കെട്ടിടം ഉചിതമായ സ്മാരകമായി നവീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.