സ്വർണക്കടത്ത് വിവാദം: ലഘുലേഖയുമായി സി.പി.എം അണികളിലേക്ക്
പൊന്നാനി: സ്വർണക്കടത്ത് വിവാദത്തിൽ വിശദീകരണവുമായി സി.പി.എം അണികളിലേക്ക്. തുറന്നു കാട്ടപ്പെടുന്ന അജണ്ടകളും നുണകളും എന്ന തലക്കെട്ടിൽ തയ്യാറാക്കിയ ലഘുലേഖയുമായാണ് സ്വർണക്കടത്ത് വിവാദത്തെ പ്രതിരോധിക്കാൻ സി പി എം താഴേക്കിടയിലേക്ക് ഇറങ്ങിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത വാർഡ് കമ്മിറ്റികൾ മുഖേനയാണ് ലഘുലേഖ വിതരണം. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഇതുവരെയുള്ള ആക്ഷേപങ്ങൾക്ക് കൃത്യമായ മറുപടി ഉൾകൊള്ളുന്നതാണ് ലഘുലേഖ.മുഴുവൻ പ്രവർത്തകരിലേക്കും അനുഭാവികളിലേക്കും ലഘുലേഖ എത്തിക്കാനാണ് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
15 ചോദ്യങ്ങളും അതിനുള്ള ഉത്തരങ്ങളും എന്ന നിലയിലാണ് ലഘുലേഖ തയ്യാറാക്കിയിരിക്കുന്നത്. സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരായ ആക്ഷേപങ്ങൾക്ക് ലഘുലേഖയിൽ കൃത്യമായി മറുപടിയുണ്ട്. മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സ്വർണക്കടത്തിൽ യാതൊരു ബന്ധവുമില്ലെന്ന് അസന്നിഗ്ധമായി വിശദീകരിക്കുന്ന ലഘുലേഖ അപവാദ പ്രചാരവേലകൾക്ക് പിന്നിൽ സർക്കാരിന്റെ ഭരണ തുടർച്ചയെ സംബന്ധിച്ച ആശങ്കയാണെന്നും പറയുന്നു. ഇടതുപക്ഷവുമായി ബന്ധപ്പെട്ട ഒരാളും കേസിലെ പ്രതിപ്പട്ടികയിലില്ലെന്നും ഇതുവരെ പ്രതികളായവർ ബി.ജെ.പിക്കാരും മുസ്ലിം ലീഗുകാരുമാണെന്നും ലഘുലേഖയിലുണ്ട്.
കുറ്റപ്പെടുത്തലുകൾ, വിശദീകരണങ്ങൾ
കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്ന കോൺസുലേറ്റിലെ അറ്റാഷെയെ രാജ്യം വിടാൻ സഹായിച്ചത് കേന്ദ്ര സർക്കാരാണ്.
മുൻമുഖ്യമന്ത്രിയുടെ ഓഫീസ് പോലെ തന്നെയാണ് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ ഓഫീസുമെന്ന് വരുത്തി തീർക്കാൻ ശ്രമം
മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെതിരായ നടപടിയുടെ ഘട്ടങ്ങളും വിശദീകരിക്കുന്നുണ്ട്. ശിവശങ്കറിന് മുൻ സർക്കാരുകളുടെ കാലത്തുണ്ടായ പ്രധാന ചുമതലകളും ചൂണ്ടിക്കാട്ടുന്നു.
സ്വപ്നയെ ബാഗ്ലൂരിലേക്ക് രക്ഷപ്പെട്ടതും കള്ള സർട്ടിഫിക്കറ്റുള്ള പ്രതിക്ക് സർക്കാർ ജോലി കിട്ടിയതും ലഘുലേഖയിൽ വിശദീകരിക്കുന്നു.
മാദ്ധ്യമങ്ങൾക്കെതിരായ വിമർശനത്തിനും ലഘുലേഖയിൽ ഇടം നൽകിയിട്ടുണ്ട്.