kkkkk
ചികിത്സാകേന്ദ്രത്തിൽ താത്കാലിക ഓഫീസൊരുക്കി പ്രവർത്തിക്കുന്ന ജില്ലാക​ള​ക്ട​ർ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ,​ പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ് ​ക​ള​ക്ട​ർ​ ​കെ.​എ​സ്.​ ​അ​ഞ്ജു,​ ​അ​സി.​ ​ക​ള​ക്ട​ർ​ ​വി​ഷ്ണു​രാ​ജ് ​

മലപ്പുറം: ജില്ലയുടെ ഭരണനിർവഹണവും കൊവിഡ് പ്രതിരോധവും കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ കൊവിഡ് കെയർ ആശുപത്രിയിലിരുന്ന് കാര്യക്ഷമമായി ഏകോപിപ്പിക്കുകയാണ് കളക്ടർ കെ. ഗോപാലകൃഷ്ണൻ. പെരിന്തൽമണ്ണ സബ് കളക്ടർ കെ.എസ്. അഞ്ജു, അസി. കളക്ടർ വിഷ്ണുരാജ് എന്നിവരും ഇതേ ആശുപത്രിയിൽ ചികിത്സയിലുണ്ട്. കളക്ടർ ഉൾപ്പെടെ മൂന്നുപേർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. തങ്ങൾ സുരക്ഷിതരാണെന്നും ആശുപത്രിയിൽ ഇരുന്നുകൊണ്ട് ഭരണനിർവഹണം നടത്തുന്നുണ്ടെന്നും കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.

വീഡിയോ കോൺഫറൻസിംഗിലൂടെ എല്ലാ ദിവസവും ജില്ലയിലെ കൊവിഡ് പ്രതിരോധത്തിനുള്ള മുഖ്യസമിതി യോഗം ചേരുന്നുണ്ട്. കൂടാതെ കളക്ടർ പങ്കെടുക്കേണ്ട വിവിധ യോഗങ്ങളും തടസമില്ലാതെ നടക്കുന്നു. നിരന്തരം ഫോണിൽ ബന്ധപ്പെട്ടും ആശയവിനിമയം കൃത്യമാക്കിയും ഭരണനിർവഹണം തടസം കൂടാതെ കൊണ്ടുപോവുകയാണ് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥർ. കൊവിഡ് പോസിറ്റിവായ ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരിം മഞ്ചേരി മെഡിക്കൽ കോളേജിലാണ് ചികിത്സയിലുള്ളത്. എ.ഡി.എം എൻ.എം.മെഹറലിയും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീനയും വീടുകളിൽ സ്വയം നിരീക്ഷണത്തിലാണ്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ പി.എൻ പുരുഷോത്തമൻ, ആർ.ടി.ഒ ടി.ജി ഗോകുൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.റഷീദ് ബാബു, എൻ.എച്ച്.എം പ്രോഗ്രാം ഓഫീസർ ഡോ.ഷിബുലാൽ, അസി. ഇൻഫർമേഷൻ ഓഫീസർ ഐ.ആർ പ്രസാദ് തുടങ്ങിയവരും സമ്പർക്കപ്പട്ടികയിലുള്ളതിനാൽ സ്വയം നിരീക്ഷണത്തിലാണ്.

സിവിൽ സ്റ്റേഷന് പുറത്ത് വികേന്ദ്രീകൃതമായ അവസ്ഥയിൽ ഭരണം നിർവഹിക്കപ്പെടുന്ന സവിശേഷമായ സാഹചര്യത്തിലാണ് ജില്ല. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്നും കൊവിഡ് പ്രതിരോധ ചികിത്സാസംവിധാനങ്ങൾ ഭദ്രമാണെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. ജീവന്റെ വിലയുള്ള കരുതൽ എന്ന സന്ദേശം ഉൾക്കൊണ്ട് എല്ലാവരും സുരക്ഷിതരായിരിക്കണമെന്നും കളക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.