മലപ്പുറം: പ്രളയത്തിന്റെ വക്കിൽ നിന്ന് കഷ്ടിച്ചാണ് ജില്ല രക്ഷപ്പെട്ടത്. ആഗസ്റ്റ് 6,7 തീയതികളിൽ മഴ ഇടമുറിയാതെ പെയ്തപ്പോൾ പ്രളയം ആവർത്തിക്കുന്നതിന്റെ പ്രതീതിയുണ്ടായിരുന്നു . ഒരുദിവസം കൂടി മഴ തുടർന്നിരുന്നെങ്കിൽ മൂന്നാംപ്രളയത്തിലേക്ക് വഴിതുറക്കുമെന്ന ഭീതിക്കിടെയായിരുന്നു മഴ മെല്ലെ പിൻവാങ്ങിയത്. കൈവഴികൾക്ക് പിന്നാലെ ചാലിയാറും ഏതുനിമിഷവും കര കവിഞ്ഞൊഴുകുമെന്ന അവസ്ഥയിലായിരുന്നു. ആഗസ്റ്റ് ആറുമുതൽ 12 വരെ പ്രതീക്ഷിച്ചതിന്റെ രണ്ടിരട്ടിയോളം മഴയാണ് ജില്ലയിൽ ലഭിച്ചത്. സാധാരണഗതിയിൽ 100.4 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്തിത് 282.5 മില്ലീമീറ്ററായി ഉയർന്നു. ചാലിയാറിന്റെ വൃഷ്ടിപ്രദേശമുൾപ്പെടുന്ന വയനാട്ടിൽ ഇത് അഞ്ചിരട്ടിയായിരുന്നു. 156.7 മില്ലീമീറ്റർ പ്രതീക്ഷിച്ച സ്ഥാനത്ത് പെയ്തിറങ്ങിയത് 525.11 മില്ലീമീറ്ററും. ജില്ലയിൽ മഴ കുറഞ്ഞപ്പോഴും ചാലിയാർ കര കവിഞ്ഞൊഴുകാറായതിന്റെ കാരണമിതായിരുന്നു. ആഗസ്റ്റ് 13ൽ മറ്റൊരു ന്യൂനമർദ്ദ സാദ്ധ്യത പ്രവചിക്കപ്പെട്ടിരുന്നെങ്കിലും ഇതു കാര്യമായി പ്രതിഫലിക്കാതിരുന്നതും ജില്ലയ്ക്ക് തുണയായി.
അതേസമയം മഴയെത്ര പെയ്തിട്ടും ജില്ലയുടെ ദാഹം തീർന്നിട്ടില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മൺസൂൺ തുടങ്ങിയ ജൂൺ ഒന്നുമുതൽ ഇതുവരെ ലഭിച്ച മഴയിൽ ഇപ്പോഴും 14 ശതമാനത്തിന്റെ കുറവുണ്ട്. സാധാരണഗതിയിൽ 1,564 മില്ലീമീറ്റർ മഴ ലഭിക്കേണ്ടപ്പോൾ 1,351മില്ലീമീറ്ററാണ് ലഭിച്ചത്. മൺസൂണിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കേണ്ട ജൂലൈയിൽ മഴ കുറഞ്ഞതാണ് ആഗസ്റ്റിലെ പെരുമഴയെ തുടർന്നും മഴക്കുറവ് നിലനിൽക്കുന്നതിന്രെ കാരണമെന്ന് കാലാവസ്ഥ വിദഗ്‌ദ്ധർ പറയുന്നു.
മൂന്നാംസ്ഥാനത്ത്
സംസ്ഥാനതലത്തിൽ മഴക്കുറവിൽ മൂന്നാംസ്ഥാനത്താണ് ജില്ല. വയനാട് - 24, തൃശൂർ - 20 , ഇടുക്കി - 10 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. സംസ്ഥാനാടിസ്ഥാനത്തിൽ ഒരുശതമാനമാണ് മഴ കൂടുതൽ. 1,559.5 മില്ലീമീറ്റർ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 1,568.6 മില്ലീമീറ്ററും.
മഴമാപിനി സ്റ്റേഷൻ ലഭിച്ച മഴ(മി.മീ)
പൊന്നാനി - 10.2
നിലമ്പൂർ - 10.4
മഞ്ചേരി - 9.0
അങ്ങാടിപ്പുറം - 10.4
പെരിന്തൽമണ്ണ - 11.8
കരിപ്പൂർ - 3.5