ggg
.

തദ്ദേശ തിരഞ്ഞെടുപ്പിന് തയ്യാറെടുത്ത് പാർട്ടികൾ

പൊന്നാനി: കൊവിഡിന്റെ സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയതോടെ കൊവിഡ് കാലത്തെ തിരഞ്ഞെടുപ്പിനായി രാഷ്ട്രീയ പാർട്ടികൾ ഒരുങ്ങുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് പ്രത്യേക തയ്യാറെടുപ്പുകളാണ് രാഷ്ട്രീയപാർട്ടികൾ നടത്തുന്നത്. മുഴുവൻ വോട്ടർമാരുടെയും വാട്സ്ആപ്പ് നമ്പറുകൾ ശേഖരിക്കുന്ന തിരക്കിലാണ് പാർട്ടികൾ. ഓരോ വാർഡിലും ഇതിനായി പ്രത്യേക സമിതികളുണ്ട്. നഗരസഭ, പഞ്ചായത്ത് തലങ്ങളിൽ പ്രത്യേക ഏകോപന സമിതികളും രൂപവത്കരിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊവിഡ് പ്രോട്ടോക്കോൾ ബാധകമാകുമെന്ന് ഉറപ്പായതോടെ സമൂഹമാദ്ധ്യമങ്ങളായിരിക്കും മുഖ്യ പ്രചാരണ ആയുധം. ഫേസ്ബുക്കിൽ ഗ്രൂപ്പുകളും കമ്മ്യൂണിറ്റികളും രൂപവത്കരിച്ച് പരമാവധി ആളുകളെ അംഗമാക്കാൻ താഴെക്കിടയിൽ നിർദ്ദേശം നൽകി. ഫേസ്ബുക്ക് ലൈവ്, സൂം ആപ്പ് എന്നിവ ഉപയോഗപ്പെടുത്തിയുള്ള പ്രചാരണ രീതികൾ ആസൂത്രണം ചെയ്യാൻ വാർഡ് കമ്മിറ്റികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന, ജില്ല തലങ്ങളിൽ തയ്യാറാക്കുന്ന പ്രചാരണ വീഡിയോകൾ മുഴുവൻ വോട്ടർമാരിലേക്കുമെത്തിക്കാൻ നെറ്റ് വർക്കുകൾ ഉണ്ടാകണമെന്നാണ് വാർഡ് കമ്മിറ്റികൾക്കുള്ള പ്രധാന നിർദ്ദേശം.

സി.പി.എമ്മും മുസ്ലിം ലീഗും സൈബർ ഇടത്തിൽ ഇടപെടൽ ശക്തമാക്കിയിട്ടുണ്ട്. ഡിജിറ്റൽ പോസ്റ്ററുകളും വീഡിയോകളുമായി ഇവർ തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് കടന്നുകഴിഞ്ഞു. സംസ്ഥാന തലത്തിൽ സൈബർ പ്രചാരണങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സൈബർ ടീമുകളുടെ പരിശീലനത്തിലാണ് പഞ്ചായത്ത് തലത്തിൽ പ്രചാരണം പുറത്തെടുത്തിരിക്കുന്നത്. രാഷ്ട്രീയ ആക്രമണങ്ങൾക്കും പ്രതിരോധങ്ങൾക്കും പുറമെ പഞ്ചായത്ത് തലത്തിലെ ഭരണനേട്ടങ്ങൾ മികവോടെ വോട്ടർമാരിലേക്കെത്തിക്കാൻ പാർട്ടികൾ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വാർഡുകൾ കേന്ദ്രീകരിച്ച് യുട്യൂബ് ചാനലുകൾ സജ്ജമാണ്. കൂടുതൽ ആളുകളിലേക്ക് വീഡിയോ എത്തിക്കാൻ പ്രൊഫഷണുകളുടെ സഹായം തേടാനാണ് തീരുമാനം

എല്ലാ പാർട്ടികളും വാർഡുതലത്തിൽ ആദ്യഘട്ട യോഗങ്ങൾ പൂർത്തീകരിച്ചു. വാർഡ് കമ്മിറ്റികൾ നിലവിൽ വന്നു. സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കരടുരൂപമായിട്ടുണ്ട്. വാർഡ് കമ്മിറ്റികൾ കണ്ടെത്തിയ പേരുകൾ മേൽഘടകങ്ങൾക്ക് സമർപ്പിച്ചിട്ടുണ്ട്. ഒന്നിൽ കൂടുതൽ പേരുകൾ നിർദ്ദേശിക്കപ്പെടുന്ന വാർഡുകളിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ ഹിതപരിശോധനയും നടത്തുന്നുണ്ട്.
ചെറുപ്പക്കാർക്ക് മുൻഗണന നൽകണമെന്ന ആവശ്യമാണ് എല്ലാവരും മുന്നോട്ടുവയ്ക്കുന്നത്. സ്ഥാനാർത്ഥി കുപ്പായം തയ്ച്ച് കാത്തിരിക്കുന്നവർ എല്ലാ പാർട്ടികളിലും തലവേദന സൃഷ്ടിക്കും.