മലപ്പുറം: മഴയും വെയിലും ഇടകലർന്നുള്ള കാലാവസ്ഥ പകർച്ചവ്യാധികളുടെ വ്യാപനത്തിന് വഴിയൊരുക്കാമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കൊതുകുകളുടെ വളർച്ചയ്ക്ക് സഹായകമായ സ്ഥിതിയാണിപ്പോൾ. മൂന്ന് ദിവസത്തിനിടെ അഞ്ച് ഡെങ്കിപ്പനി കേസുകളുണ്ടായി. മക്കരപ്പറമ്പ്, കരുവാരക്കുണ്ട് പ്രദേശങ്ങളിലാണിവ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഡെങ്കി, എലിപ്പനി കേസുകളുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങളിലും പ്രളയ ശേഷമായിരുന്നു എലിപ്പനി, ഡെങ്കിപ്പനി കേസുകൾ കൂടിയത്. ഇത്തവണ വ്യാപകമായി പ്രളയ സാഹചര്യം ഉണ്ടായിട്ടില്ലെങ്കിലും ചാലിയാറും കൈവഴികളും ഒഴുകുന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. തുടർച്ചയായി പെയ്ത മഴയിൽ വീട് പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാനുള്ള സാദ്ധ്യതയും ഏറെയാണ്. ലോക്ക്ഡൗണിന് പിന്നാലെ സർക്കാർ ഓഫീസുകൾ അടക്കമുള്ളവ പലയിടങ്ങളിലും പ്രവർത്തിക്കുന്നില്ല. ഇത്തരം സ്ഥലങ്ങളിലടക്കം വെള്ളം കെട്ടിനിൽക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതൊഴിവാക്കാൻ നടപടികളും തുടങ്ങിയിട്ടുണ്ട്.
പനിക്കാർ കൂടുതൽ
മൺസൂൺ കാലയളവിൽ സാധാരണയായി ആശുപത്രികളിൽ പനിക്കാരുടെ വലിയ തിരക്കായിരുന്നെങ്കിൽ കൊവിഡിന് ശേഷം ഇക്കാര്യത്തിൽ വലിയ കുറവുണ്ട്. അതേസമയം സംസ്ഥാനത്ത് ആകെയുള്ള രോഗികളുടെ എണ്ണത്തിൽ കൂടുതലും മലപ്പുറത്താണ്. അഞ്ച് ദിവസത്തിനിടെ 1,844 പേർ വൈറൽ പനി ബാധിച്ച് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. എട്ട് പേരെ അഡ്മിറ്റ് ചെയ്തു. ദിനംപ്രതി ശരാശരി മുന്നൂറിന് മുകളിൽ പേർ എത്തുന്നുണ്ട്. മിക്ക ജില്ലകളിലും ഇത് 200ന് താഴെയാണ്. ജനസംഖ്യയിൽ മുന്നിലാണെന്നതും ജില്ലയിൽ രോഗികളുടെ എണ്ണം കൂടാൻ കാരണമാണ്. പ്രളയസമാന സാഹചര്യത്തിന് ശേഷം ഒരു എലിപ്പനി കേസ് മാത്രമാണ് സ്ഥിരീകരിച്ചതെന്നത് ആശ്വാസകരമാണ്. പൂക്കോട്ടൂരിലായിരുന്നു ഇത്. കൊവിഡിനെ പേടിച്ച് പനിലക്ഷണങ്ങളുള്ളവരിൽ പലരും യഥാസമയം ചികിത്സ തേടുന്നില്ല. എലിപ്പനിക്ക് തുടക്കത്തിൽ ചികിത്സ തേടിയാൽ രോഗം ഗുരുതരമാവാതെ തടയാനാവും.