പെരിന്തൽമണ്ണ: മൺമറഞ്ഞ പ്രശസ്ത നേതാക്കൻമാർക്കും ചിന്തകർക്കും ഗ്രാനൈറ്റിൽ ജീവൻ പകരുകയാണ് തിരൂർക്കാട് തടത്തിൽവളവിലെ നന്നമ്പ്ര മോഹനൻ(45). കൂലിപ്പണിയുടെ തിരക്കിനിടയിലും ചിത്രരചനയ്ക്ക് സമയം കണ്ടെത്തുന്നു. ഗ്രാനൈറ്റ് കഷണത്തിൽ, മോൾഡിംഗിന് ഉപയോഗിക്കുന്ന വൈദ്യുത മോട്ടോർ ഉപയോഗിച്ച് കറുത്ത പ്രതലത്തിൽ വരകൾ കോറിയിട്ടാണ് രചന. ആദ്യം വരച്ചത് ചെഗുവേരയെ. നല്ല പ്രതികരണം ലഭിച്ചതോടെ കൂടുതലായി വരയ്ക്കാൻ തുടങ്ങി. മോഹനന്റെ ചിത്രംവര മകൻ അശ്വിൻ ചിത്രീകരിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ഇപ്പോൾ ലെനിന്റെ ചിത്രമൊരുക്കുന്ന തിരക്കിലാണ്. മാർക്സിന്റെ ചിത്രം ലേലത്തിൽ വച്ച് കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. ഗ്രാനൈറ്റിൽ ഇ.എം.എസിന്റെയും കൃഷ്ണപിള്ളയുടെയും ചിത്രങ്ങൾ കൂടി വരയ്ക്കാനൊരുങ്ങുകയാണ്. ചിത്രകല അഭ്യസിച്ചിട്ടില്ലാത്ത മോഹനൻ തിരൂർക്കാട് എ.എം.എച്ച് സ്‌കൂളിൽ പഠിക്കുമ്പോൾ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടിയിരുന്നു. തെർമോ കോൾ, മെഴുക്, മരം, സിമന്റ്, പേപ്പർ പൾപ്പ് തുടങ്ങിയ മാദ്ധ്യമങ്ങളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. മക്കളായ അശ്വിനും ആദർശും ആരോണും ചിത്രകലയിൽ മിടുക്കരാണ്.