dw

മഞ്ചേരി: കൊവിഡ് ആശങ്കകൾക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മുടക്കമില്ലാതെ നടക്കുമെന്ന് അറിയിപ്പോടെ പ്രദേശികമായി ഡിജിറ്റൽ വാർ റൂം സജജീകരിക്കുകയാണ് പ്രധാന പാർട്ടികൾ. പ്രദേശിക വികസനം, പോരായ്മകൾ എന്നിവ സമൂഹമാധ്യമങ്ങൾ വഴി വാർഡ്തലങ്ങളിൽ എത്തിക്കും. ഡിജിറ്റൽ പോസ്റ്ററുകൾ, നോട്ടീസുകൾ തുടങ്ങിയവയും ഹൃസ്വ വീഡിയോകളുമാണ് വിവിധ രാഷ്ടീയ പാർട്ടികളുടെ സൈബർവിംഗുകൾ ആവിഷ്കരിക്കുന്നത്.

പരമ്പരാഗത രീതികളായി വീടുകൾ കയറിയുള്ള പ്രചാരണം, പൊതുയോഗങ്ങൾ, കാൽനട ജാഥകൾ തുടങ്ങിയവ ഇത്തവണ ഉണ്ടാവില്ലെന്ന് ഉറപ്പായതോടെയാണ് ബദൽ മാർഗ്ഗങ്ങൾക്കുള്ള ശ്രമം സജീവമായത്. സൈബർ പോരാളികൾ തമ്മിലുള്ള വാക്പോരിനപ്പുറം വസ്തുതകർ നിരത്തി കാമ്പയിൻ എങ്ങനെ ആകർഷകമാക്കാമെന്ന ചിന്തയിലാണ് പാർട്ടികൾ. സോഷ്യൽ മീഡിയകളിൽ സജീവമല്ലാത്ത സമൂഹത്തിലെ നല്ലൊരു ഭാഗം വോട്ടർമാരോട് എങ്ങനെ സംവദിക്കുമെന്ന ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്.
പ്രദേശിക നീക്കുപോക്കുകൾ മുതൽ സ്ഥാനാർത്ഥി നിർണ്ണയം വരെയുള്ള രഹസ്യ സ്വഭാവമുള്ള ചർച്ചകൾക്ക് വരെ കൊവിഡ് വ്യാപനം വെല്ലുവിളി തീർക്കുന്നുണ്ട്. ഒത്തുതീർപ്പ് ചർച്ചകളും സമവായ തീരുമാനങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ നടത്തുന്നത് രഹസ്യസ്വഭാവം ചോർത്തുമെന്ന ആശങ്കയുണ്ട്. ഏറെ സങ്കീർണ്ണമായ കടമ്പകൾ കടന്നുവേണം പരമ്പരാഗത പ്രചാരണങ്ങൾ മാറ്റിമറിച്ചുള്ള ഡിജിറ്റൽ പ്രചാരണത്തിന്റെ റൂട്ട് മാപ്പൊരുക്കാൻ.