നാളെ അത്തം
എടപ്പാൾ: ഓണത്തിന് മുന്നോടിയായി എത്തുന്ന അത്തക്കളത്തിന് ഇക്കുറി ശോഭ മങ്ങും.കൊവിഡ് രോഗവ്യാപനമാണ് ആഘോഷത്തിന്റെ പൊലിമയ്ക്ക് ഭീഷണിയായത്. നാട്ടിൻപുറങ്ങളിലുള്ള ചാരുത നിറഞ്ഞ പൂക്കൾ കൊണ്ടാണ് മുമ്പൊക്കെ അത്തത്തിന് പൂക്കളം തീർത്തിരുന്നത്. കുറേക്കാലമായി ഈ സ്ഥാനം അന്യസംസ്ഥാനത്തു നിന്നെത്തുന്ന പൂക്കൾ കൈയടക്കിയിരുന്നു. പുതിയ സാഹചര്യത്തിൽ പഴയപോലെ കുന്നും മലയും കയറി പൂക്കൾ ശേഖരിക്കാൻ കുട്ടികൾ തയ്യാറാകേണ്ടി വരും. തമിഴ്നാടിനെയും കർണാടകയെയുമാണ് ഓണത്തിന് മലയാളി ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള പൂക്കൾക്ക് വലിയ ഡിമാന്റുണ്ടായിരുന്നു.
ഇക്കുറി പൂക്കളുടെ വരവ് ഏറെക്കുറെ നിലയ്ക്കും.ട്രെയിൻ ഓടാത്തതും അന്തർ സംസ്ഥാന ബസുകളുടെ ഗതാഗതം അപൂർണ്ണമായതും ഇതിന് കാരണമാണ്. ഇതിനിടെ ഓണാഘോഷവും അത്തക്കളവും ചുരുക്കണമെന്ന് സർക്കാരും നിർദ്ദേശിക്കുന്നു. വരവുപൂക്കൾ സ്വീകരിക്കരുതെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എടപ്പാളിൽ അത്തം തലേന്ന് മുതൽ പട്ടാമ്പി റോഡിൽ പൂക്കളുടെ വിസ്മലോകം തന്നെ പൂക്കടകളിൽ ഒരുങ്ങുമായിരുന്നു. ഇക്കുറി ഒന്നുമില്ലാത്ത അവസ്ഥയാണ്. പൊള്ളാച്ചി. കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നും കെഎസ്ആർടിസി ബസുകളിൽ യഥേഷ്ടം പൂക്കൾ എത്തിയിരുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വഴിയും പുലർച്ചെ വലിയ ചാക്കുകളിൽ പൂക്കളെത്തും. അതിനും പുതിയ കാലം വിരാമമിടുകയാണ്. കൊവിഡ് പശ്ചാത്തലമായതിനാൽ കോളേജ്, സ്കൂൾ എന്നിവിടങ്ങളിലെ പൂക്കളമത്സരങ്ങളും പൊതു പരിപാടികളും നടത്താനാവാത്തത് പൂക്കളുടെ ഉപയോഗം കുറയാൻ കാരണമാകും.