എടപ്പാൾ: ആവേശം കൊള്ളിക്കുന്ന, തീപ്പൊരി പറക്കുന്ന പൊതുയോഗ പ്രസംഗങ്ങൾ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പ് രംഗത്തുണ്ടാവാൻ സാദ്ധ്യത കുറവ്. കൊവിഡ് പിടിമുറുക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുള്ള തിരഞ്ഞെടുപ്പാവും ഇത്തവണയുണ്ടാവുക. പൊതുജനങ്ങളെ കൈയിലെടുത്തു വിളയാടുന്ന തീപ്പൊരി പ്രാസംഗികരെ എങ്ങനെ കാര്യക്ഷമമായി അവതരിപ്പിക്കാമെന്ന ചിന്ത വിവിധ പാർട്ടികൾക്കിടയിൽ സജീവമാണ്.
കൊവിഡ് പശ്ചാത്തലത്തിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയുള്ള തിരഞ്ഞെടുപ്പിന് എല്ലാ പാർട്ടികളും താഴേത്തട്ടു മുതൽ സജ്ജമാവുകയാണ്. തങ്ങളുടെ ആശയങ്ങളും വാദഗതികളും എറ്റവും ഫലപ്രദമായി സാധാരണ ജനങ്ങളിലേക്കെത്തിക്കുന്ന മികച്ച പ്രാസംഗികരെ സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കാനാണ് പാർട്ടികൾ ഒരുങ്ങുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രധാനമായും പ്രാദേശിക വിഷയങ്ങളെ ഊന്നിയാവുമെന്നതും പരിഗണിച്ചാവും പ്രചാരണ രീതികൾ നിശ്ചയിക്കുക. സൂം ആപ്പ്, ഗൂഗിൾ മീറ്റ് തുടങ്ങിയവയിലൂടെ നേതാക്കളുടെ പ്രസംഗം അവതരിപ്പിക്കുന്നതിനും ആലോചന മുറുകുന്നു.
പൊതുജനങ്ങളെ ഹരം കൊള്ളിക്കുന്ന പൊതുയോഗങ്ങൾ കേരള രാഷ്ട്രീയത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രത്തിന്റെ ഭാഗമാണ്. പ്രിയനേതാക്കളുടെ പ്രസംഗം കേൾക്കാൻ ദൂരദിക്കുകളിൽ നിന്നുപോലും ആളുകളെത്തും. സരസ സംഭാഷണങ്ങളും ആശയധാരയും കുറിക്കുകൊള്ളുന്ന നാടൻ പ്രയോഗങ്ങളും പ്രസംഗങ്ങളിൽ നിറഞ്ഞ് തുളുമ്പുമ്പോൾ ജനം ആവേശഭരിതരാവും. ഇ.എം.എസ്, കരുണാകരൻ, നായനാർ, അച്യുതാനന്ദൻ, സി.എച്ച്, മാരാർ, വീരേന്ദ്രകുമാർ തുടങ്ങിയ നേതാക്കളുടെ പ്രസംഗങ്ങൾക്ക് ജനങ്ങൾക്കിടയിൽ വൻ സ്വാധീനം തന്നെയുണ്ടായിരുന്നു. തീപ്പൊരി പ്രസംഗങ്ങൾക്ക് മാത്രമായി പ്രത്യേകം നേതാക്കളെയും വിവിധ പാർട്ടികൾ അണിനിരത്താറുണ്ട്. പ്രധാന പ്രാസംഗികൻ എത്തുംവരെ ജനങ്ങളെ പിടിച്ചിരുത്താൻ പ്രാദേശിക നേതാക്കളും ജില്ലാ നേതാക്കളും അണിനിരക്കും. മണിക്കൂറുകൾ വരെ പ്രസംഗിച്ചിരുന്ന നേതാക്കൾ മുൻകാലങ്ങളിലുണ്ടായിരുന്നു. നാടൻഭാഷയിൽ ലോനപ്പൻ നമ്പാടനും ടി.കെ. ഹംസയുമൊക്കെ പ്രായഭേദമന്യേ ശ്രോതാക്കളെ കൈയിലെടുത്തിരുന്നു. ടി.കെ. ഹംസ ഇപ്പോഴും തിരഞ്ഞെടുപ്പ് വേദികളിലെ പ്രിയതാരമാണ്.
ഇപ്പോഴുള്ള യുവ പ്രാസംഗികർ മിക്കവരും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ നിലവിൽ തന്നെ ജനങ്ങൾക്കിടയിൽ നിറഞ്ഞുനിൽക്കുന്നവരാണ്. ചാനൽ ചർച്ചകളിലും ഇവരുടെ സാന്നിദ്ധ്യം പ്രകടമാണ്. തിരഞ്ഞെടുപ്പുവേളയിൽ ഇവരുടെ ജനപ്രിയതയും വാക്സാമർത്ഥ്യവും എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന തലപുകച്ചുള്ള ആലോചനയാണ് വിവിധ പാർട്ടികൾ നടത്തുന്നത്.