എടപ്പാൾ: ഭിക്ഷാടകനിൽ നിന്നും തുടങ്ങിയ കൊവിഡ് രോഗവ്യാപനം സ്വർണക്കട ജീവനക്കാരിലെത്തി നിൽക്കുമ്പോൾ ആടിയുലഞ്ഞ് എടപ്പാളിലെ വ്യാപാരരംഗം. പൊതുവേ മന്ദഗതിയിലായ മേഖല തുടർച്ചയായി ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ പെട്ട് ഉഴറുകയാണ്. വ്യാഴാഴ്ച മുതൽ പ്രദേശം കണ്ടെയ്ൻമെന്റ് സോണാണ്. നേരത്തെ മൂന്ന് ഘട്ടങ്ങളിൽ പ്രദേശം റെഡ് സോണിലായിരുന്നു. ഇത് ഏറ്റവുമധികം ബാധിച്ചത് എടപ്പാളിലെ വ്യാപാരി സമൂഹത്തെയാണ്.
അത്തം തുടങ്ങിയതോടെ ഓണക്കച്ചവടത്തിന് തുടക്കമാവുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ വ്യാപാരികളുടെ പ്രതീക്ഷ ഇല്ലാതാക്കുന്നു. 50 ശതമാനം ജീവനക്കാരുടെ തൊഴിൽ തന്നെ ഇല്ലാതായി. പല കടയുടമകളും കെട്ടിടവാടക നൽകാനാവാത്ത അവസ്ഥയിലാണ്.
കർഷകരുടെ ഉത്സവമായി അറിയപ്പെടുന്ന മലബാറിലെ തന്നെ പഴക്കം ചെന്ന എടപ്പാൾ പൂരാട വാണിഭത്തിനും പുതിയ സ്ഥിതി തിരിച്ചടിയുണ്ടാക്കിയേക്കും. ഉൾപ്രദേശത്തെ നാടൻ നേന്ത്രക്കുലകളെത്തിച്ചു വിൽക്കുന്ന പൂരാട വാണിഭം മുടങ്ങിയാൽ കർഷകർക്കിത് വലിയ തിരിച്ചടിയാവും.