ffff
.

മലപ്പുറം: ജില്ലയിൽ നഷ്ടട്രാക്കിലോടി കെ.എസ്.ആ‌ർ.ടി.സി . കൊവിഡിന് മുമ്പ് മലപ്പുറം ഡിപ്പോയിൽ മാത്രം പ്രതിദിന ടിക്കറ്റ് വരുമാനം അഞ്ചര ലക്ഷം രൂപ ആയിരുന്നെങ്കിൽ ഇന്നലെയിത് അര ലക്ഷമാണ്. മിക്ക ദിവസങ്ങളിലും സമാനമാണ് അവസ്ഥ. അതേസമയം അവശ്യ സർവീസെന്ന നിലയിൽ ലാഭനഷ്ടം നോക്കാതെ കെ.എസ്.ആർ.ടി.സി സർവീസ് തുടരുന്നത് യാത്രക്കാർ വലിയ സഹായകരമാവുന്നുണ്ട്.

കൊവിഡിന് മുമ്പ് മലപ്പുറം ഡിപ്പോയിൽ നിന്ന് 32 സർവീസുകളാണ് നടത്തിയിരുന്നത്. കൊവിഡിന് പിന്നാലെ യാത്രക്കാരുടെ എണ്ണം നന്നേ കുറഞ്ഞിട്ടും 21 സർവീസുകൾ തുടരുന്നുണ്ട്.

കെ.എസ്.ആർ.ടി.സിയുടെ നിലമ്പൂർ, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ ഡിപ്പോകളിലെല്ലാം പ്രതിദിന നഷ്ടം കൂടി. ഇവിടങ്ങളിൽ നിന്ന് 70 സർവീസുകളാണ് നടത്തുന്നത്. യാത്രക്കാർ കൂടുതലുള്ള രാവിലെയും വൈകിട്ടും അധിക സർവീസുകളും നടത്തുന്നുണ്ട്. പാലക്കാട്, കോഴിക്കോട് അന്തർ‌ ജില്ലാ സ‌ർവീസുകൾക്ക് പിന്നാലെ തൃശൂരിലേക്കും സർവീസ് തുടങ്ങി. ഇന്ധനച്ചെലവ് കഴിച്ചാൽ മാസം അരലക്ഷത്തിന് താഴെയാണ് മിക്ക ഡിപ്പോകളുടെയും വരുമാനം. മലപ്പുറം ഡിപ്പോയിൽ മാത്രം 312 ജീവനക്കാരുണ്ട്. ശമ്പളം, ബസുകളുടെ അറ്റകുറ്റപ്പണി അടക്കമുള്ള ചെലവുകൾക്ക് വഴിതേടേണ്ട അവസ്ഥയിലാണ് കെ.എസ്.ആർ‌.ടി.സി.

രക്ഷ കെ.എസ്.ആർ.ടി.സി മാത്രം

നഷ്ടത്തെ തുടർന്ന് സ്വകാര്യ ബസുകളുടെ സർവീസ് നാമമാത്രമാണ് . 1,600ഓളം ബസുകളുള്ള സ്ഥാനത്ത് മിക്ക ദിവസങ്ങളിലും 300ന് താഴെയാണ് നിരത്തിലുള്ളത്. ടാക്സ് ഒഴിവാക്കണമെന്ന ഉടമകളുടെ ആവശ്യത്തിൽ സർക്കാർ തീരുമാനം എടുക്കാത്തതിനാൽ മോട്ടോർ വാഹന വകുപ്പിൽ താത്ക്കാലികമായി സർവീസ് നിറുത്തുന്നതിന് സമർപ്പിച്ച ജി ഫോം മിക്കവരും പിൻവലിച്ചിട്ടില്ല. സ്വകാര്യ ബസുകൾ സർവീസ് നിറുത്തിയതോടെ ഇവയെ ആശ്രയിച്ച് ജോലിക്ക് പോയിരുന്നവർ ദുരിതത്തിലായിട്ടുണ്ട്. ചെറിയ ശമ്പളത്തിന് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളാണ് വലിയ ബുദ്ധിമുട്ടനുഭവിക്കുന്നത്. ഇവർക്കെല്ലാം കെ.എസ്.ആർ.ടി.സി സർ‌വീസുകളാണ് ഏക ആശ്രയം.

അവശ്യ സർവീസെന്ന നിലയിൽ കൂടിയാണ് കെ.എസ്.ആർ.ടി.സി പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ ആവശ്യമനുസരിച്ച് ഡിപ്പോകളിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങും

സി.കെ. രത്നാകരൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ