manjeri
നിർമാണം പുരോഗമിക്കുന്ന മഞ്ചേരി മെഡിക്കൽ കോളജിലെ ഹോസ്റ്റൽ കെട്ടിടം

മഞ്ചേരി: താത്കാലികമായി കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമാക്കിയെങ്കിലും മഞ്ചേരി ഗവ: മെഡിക്കൽ കോളേജിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ തുടരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ മുടങ്ങിയ പ്രവൃത്തികൾ ഇപ്പോൾ അതിവേഗം തുടരുകയാണ്.

മെഡിക്കൽ വിദ്യാർത്ഥികൾക്കും ഡോക്ടർമാരുൾപ്പെയുള്ള മറ്റുജീവനക്കാർക്കും താമസ സൗകര്യമൊരുക്കുന്നതിനായി മെഡിക്കൽ കോളേജിൽ ഒരുക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്.

11 നിലയുള്ള ഹോസ്റ്റലിന്റെയും നാലു നിലയുള്ള ആൺകുട്ടികൾക്ക് മാത്രമായുള്ള ഹോസ്റ്റലിന്റെയും നിർമ്മാണ പ്രവൃത്തികൾ ഏകദേശം പൂർത്തിയായി.
അദ്ധ്യാപക ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സും പെൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടവും നിർമ്മാണം പുരോഗമിക്കുന്നു. വയറിംഗ്,​ പ്ലംബ്ബിംഗ്, നിലത്ത് ടൈൽ വിരിക്കുന്ന ജോലികൾ എന്നിവ നടന്നു വരികയാണ്. പെയിന്റിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്.

ഒരു വർഷം മുമ്പാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. മേയിൽ പൂർത്തിയാക്കണമെന്നായിരുന്നു കരാർ. എന്നാൽ കൊവിഡ് പ്രതിസന്ധിയിൽ കെട്ടിട നിർമ്മാണം മന്ദഗതിയിലായി. തുടർന്ന് പ്രവൃത്തി വേഗത്തിലാക്കാൻ ജില്ല കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നിരുന്നു. തുടർന്നാണ് നിർമ്മാണ പ്രവൃത്തികൾ പുനരാരംഭിച്ചത്.

69 കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂർത്തിയാക്കുന്നത്.