താനൂർ: തീരദേശ മേഖലയിലും ചെണ്ടുമല്ലിപ്പൂ വിരിയുമെന്ന് തെളിയിച്ചിരിക്കുകയാണ് നിറമരുതൂർ പഞ്ചായത്ത് ഗ്രാമിക കർഷക കൂട്ടായ്മ. ഓണവിപണി ലക്ഷ്യംവച്ച് തെങ്ങിന് ഇടവിള എന്ന രീതിയിൽ ഒരുക്കിയ മാതൃകാ ചെണ്ടുമല്ലി തോട്ടങ്ങൾ വിളവെടുപ്പിന് തയ്യാറായി. നിറമരുതൂർ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലാണ് ചെണ്ടുമല്ലി പൂക്കൃഷിക്ക് തുടക്കമിട്ടത്.ഗ്രാമിക കർഷക കൂട്ടായ്മ കൺവീനർ അക്ഷര അബ്ദുറഹ്മാൻ, നിറമരുതൂർ കൃഷിഭവൻ കൃഷി അസിസ്റ്റന്റ് കെ.എം. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഒന്നര ഏക്കറോളം വരുന്ന സ്ഥലത്ത് പൂക്കൃഷി ഒരുക്കിയത്. മഞ്ഞ, ഓറഞ്ച് ഇനങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞു നിൽക്കുന്നത്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയ അഞ്ചോളം മാതൃകാതോട്ടങ്ങളിൽ നിന്നായി അഞ്ചു ടണ്ണോളം പൂക്കൾ തിരൂർ, കോഴിക്കോട് മാർക്കറ്റുകളിലെ ഓണവിപണിയിലേക്ക് എത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്ന് അക്ഷര അബ്ദുറഹ്മാൻ പറഞ്ഞു.കുടുംബശ്രീ പോലുള്ള കൂടുതൽ ഗ്രൂപ്പുകളെ കൃഷിയിലേക്കാകർഷിച്ച് 700 ഹെക്ടറോളം വരുന്ന തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ കൃഷി ചെയ്ത് കാർഷികാഭിവൃദ്ധി കൈവരിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിറമരുതൂർ കൃഷി ഓഫീസർ സമീർ മുഹമ്മദ് പറഞ്ഞു.