vallam
ബിയ്യം കായലിൽ വള്ളം കളി

പൊന്നാനി: ബിയ്യം കായലിൽ ഇത്തവണ വള്ളംകളിയില്ലാത്ത ഓണക്കാലം. കൊവിഡ് ആഘോഷങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ഭാഗമായി ഇത്തവണ ബിയ്യം കായലോരത്ത് നിന്ന് ആർപ്പുവിളികൾ ഉയരില്ല. കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മുടങ്ങാതെ തുടരുന്ന അവിട്ടം നാളിലെ വള്ളംകളി കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണത്തെ തുടർന്നാണ് വേണ്ടെന്നു വെച്ചത്. 1970കളിൽ ആരംഭിച്ച ബിയ്യം കായൽ വള്ളംകളിയുടെ ചരിത്രത്തിൽ ആദ്യമായാണ് കായലിൽ തുഴയെറിയാത്ത ഓണക്കാലം കടന്നു പോകുന്നത്.

പൊന്നാനിയിലെ ഓണാഘോഷങ്ങളെ വർണ്ണാഭമാക്കിയിരുന്നത് ബിയ്യം കായലിലെ വള്ളംകളിയായിരുന്നു. കഴിഞ്ഞ രണ്ട് പ്രളയങ്ങളിൽ പ്രതികൂല സാഹചര്യം നിലനിന്നിരുന്നെങ്കിലും നാട്ടുകാരുടെ ഉത്സാഹത്തിൽ മത്സരം മുടക്കമില്ലാതെ നടന്നു. പല ഘട്ടങ്ങളിലും വള്ളംകളി ഉപേക്ഷിക്കേണ്ട സാഹചര്യം വന്നിരുന്നു. അന്നൊക്കെയും പ്രദേശവാസികൾ മുന്നിട്ടിറങ്ങിയാണ് മത്സരം നടത്തിയത്. ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചിരുന്നത്.

അവിട്ടം നാളിൽ നടക്കുന്ന വള്ളംകളി കാണാൻ ദൂരെ ദിക്കുകളിൽ നിന്നു വരെ ആളുകളെത്തിയിരുന്നു. ബിയ്യം കായലിന്റെ കരകൾ ആളുകളെക്കൊണ്ട് നിറയും. മേജർ, മൈനർ വിഭാഗങ്ങളിലായി ഇരുപതോളം വള്ളങ്ങളാണ് തുഴയെറിഞ്ഞിരുന്നത്. ആഴ്ച്ചകൾ നീളുന്ന പരിശീലനങ്ങൾക്കൊടുവിലാണ് മത്സരത്തിനിറങ്ങുക. തുഴയെറിയാൻ ആലപ്പുഴയിൽ നിന്നുൾപ്പെടെ ആളുകളെത്തും. വൻ സാമ്പത്തികച്ചെലവ് സഹിച്ചാണ് ഓരോ വർഷവും വള്ളമിറക്കുന്നത്. ഫണ്ട് കണ്ടെത്താൻ ക്ലബ്ബുകൾ പല വഴികളാണ് തേടാറുള്ളത്. പണം കണ്ടെത്താൻ പ്രത്യേക ചിട്ടികൾ നടത്തും. ലക്ഷങ്ങൾ ചെലവഴിച്ചാണ് ഓരോ വള്ളങ്ങളും മത്സരത്തിന് സജ്ജമാകുക.

ക്ലബ്ബുകളുടെ ഉത്സാഹവും നാട്ടുകാരുടെ താത്പര്യവുമാണ് ബിയ്യം കായൽ വള്ളംകളിയെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. അടുത്ത കാലം വരെ തുച്ഛമായ സമ്മാനത്തുകയാണ് ക്ലബ്ബുകൾക്ക് ലഭിച്ചിരുന്നത്. വള്ളങ്ങളുടെ അറ്റകുറ്റപണിക്കും ദിവസങ്ങൾ നീളുന്ന പരിശീലനത്തിനും നാട്ടുകാരുടെ സഹായമാണ് ക്ലബുകൾക്ക് പിൻബലമായുണ്ടായിരുന്നത്. മലബാറിലെ പ്രധാന വള്ളം കളിയാണിത്. ബിയ്യം കായൽ വള്ളംകളിയെ കൂടുതൽ ശ്രദ്ധേയമാക്കാൻ സർക്കാർ പ്രത്യേക പരിപാടികൾ ആവിഷ്‌ക്കരിച്ച ഘട്ടം കൂടിയായിരുന്നു ഇത്. ബിയ്യം കായൽ പവലിയന്റെ നവീകരണം ഉൾപ്പെടെ വികസന പ്രവർത്തനങ്ങൾ നടന്നുവരിയാണ്. പ്രീമിയർ ബോട്ട് ലീഗിൽ ബിയ്യം കായലിനെ വേദിയായി തിരഞ്ഞെടുത്തിരുന്നു. വള്ളങ്ങളെത്തിക്കാൻ കഴിയാത്തതിനെ തുടർന്ന് അവസാന നിമിഷം മത്സരം വേണ്ടെന്നുവെച്ചു.