മഞ്ചേരി: മഞ്ചേരി മെഡിക്കൽ കോളേജിലെ ഐസിയു യൂണിറ്റിന്റെ സ്ഥല പരിമിതിക്ക് പരിഹാരമാവുന്നു. ഐ.സി.യുവിനും റേഡിയോളജി യൂണിറ്റിനും പുതിയ കെട്ടിടം നിർമ്മിക്കും. തിയേറ്റർ കോംപ്ലക്സിന് മുകളിലാണ് 1.80 കോടി രൂപ ചെലവിൽ ഐ.സി.യു നിർമ്മിക്കുന്നത്. സർജിക്കൽ ഐ.സി.യുവിൽ 15 കിടക്കകളും, പ്രസവ വിഭാഗത്തിൽ 13 കിടക്കകളും, ഓർത്തോ വിഭാഗത്തിൽ എട്ടും, ജനറൽ വിഭാഗത്തിൽ ആറും കിടക്കകൾ സജജീകരിക്കും. ജീവനക്കാർക്ക് അഞ്ച് മുറികളും സ്‌റ്റോറും കൗൺസലിംഗ് ഹാളും നിർമ്മിക്കും. ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ സമീപത്തുള്ള രക്തബാങ്കിന്റെ സ്ഥലം ഉപയോഗപെടുത്തിയാണ് റേഡിയോളജി യൂണിറ്റിന് പുതിയ കെട്ടിടം നിർമിക്കുന്നത്. സി.ടി.സ്‌കാൻ, എം.ആർ.ഐ.സ്‌കാൻ എന്നിവയ്ക്കും ഇവിടെ അധുനിക രീതിയിൽ സൗകര്യമൊരുക്കും. 1.10 കോടി രൂപയാണ് ചെലവുവരുന്നത്.
രണ്ടുകെട്ടിടങ്ങളുടെയും നിർമ്മാണം വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്ന് മരാമത്ത് വിഭാഗം അറിയിച്ചു. ഹൗസ് സർജൻസി, ജൂനിയർ റസിഡന്റ് ഡോക്ടർമാർക്ക് താമസിക്കാനുള്ള ക്വാർട്ടേഴ്സ് നിർമാണത്തിനും ടെൻഡർ നടപടികൾ പൂർത്തിയായി. മൂന്നുകോടി രൂപയാണ് ചെലവുവരുന്നത്. 50 പേർക്ക് താമസിക്കാൻ സൗകര്യമുണ്ടാവും. നഴ്സിങ് സ്‌കൂൾ പൊളിച്ചുമാറ്റിയാണ് ബഹുനില കെട്ടിടം നിർമ്മിക്കുന്നത്.