epose

മലപ്പുറം: റേഷൻ കടകളിലുള്ള ഇപോസ് മെഷീൻ മുഖേന ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്ത അംഗങ്ങളുടെ ആധാർ സീഡ് ചെയ്യുന്നതിന് റേഷൻകട ഉടമകൾക്ക് സർക്കാർ അനുമതി നൽകിയതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഒരംഗത്തിന് 10 രൂപ നിരക്കിൽ ഗുണഭോക്താവിൽ നിന്ന് ഈടാക്കും. ഈ സൗകര്യം ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം. ഇപോസ് മുഖേന ഒരംഗത്തിന്റെ ആധാർ സീഡ് ചെയ്യുന്നതിന് മാത്രമേ 10 രൂപ നിരക്കിൽ ഈടാക്കാൻ അനുവാദമുള്ളൂ. ഗുണഭോക്താക്കളിൽ നിന്ന് തുക ഈടാക്കി ഇപോസ് മെഷീൻ വഴിയുള്ള ആധാർ സീഡിംഗ് ഒക്‌ടോബർ 31 വരെ നടത്താം. ഗുണഭോക്താക്കൾക്ക് സ്വന്തമായും സിറ്റിസെൻ സെന്റർ, അക്ഷയ കേന്ദ്രം എന്നിവ മുഖേനയും ആധാർ സീഡിംഗ് നടത്താം. റേഷൻ കാർഡിലെ എല്ലാ അംഗങ്ങളുടെയും ആധാർ സീഡ് ചെയ്താൽ മാത്രമേ റേഷൻ കാർഡിലെ ചേർത്തലുകൾ, തിരുത്തലുകൾ, ട്രാൻസ്ഫർ, പേര് നീക്കം ചെയ്യൽ, മുൻഗണന വിഭാഗത്തിലേക്ക് മാറ്റൽ തുടങ്ങിയവ ചെയ്യാൻ കഴിയുകയുള്ളൂ.

കഴിഞ്ഞ ആറ് മാസം തുടർച്ചയായി റേഷൻ സാധനങ്ങൾ വാങ്ങാത്ത മുൻഗണന (പിങ്ക്), എ.എ.വൈ (മഞ്ഞ) കാർഡുകൾ ഈ പദ്ധതികളിൽ ഉൾപ്പെടാൻ അർഹതയില്ല. അതിനാൽ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ കൊവിഡ് അതിജീവന കിറ്റ് വാങ്ങാത്ത മുൻഗണന, എ.എ.വൈ.കാർഡുകളും അനർഹരാണെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് പകരം അർഹതയുള്ള കുടുംബങ്ങൾക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.