onam

മലപ്പുറം: ഉത്സവകാലവും വിഷുക്കാലവും കൊവിഡ് കൊണ്ടുപോയപ്പോഴും ഓണ വിപണിയിലെങ്കിലും പിടിച്ച് നിൽക്കാം എന്ന വിശ്വാസത്തിലായിരുന്നു ജില്ലയിലെ പൂക്കച്ചവടക്കാർ. ഓണ വിപണിയിലേക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നു പൂക്കൾ കൊണ്ട് വരാൻ സാധിക്കാതായതോടെ ഇരുട്ടടി കിട്ടിയ അവസ്ഥയിലാണ് കച്ചവടക്കാർ. സാധാരണ ഓണ സീസണുകളിൽ റീട്ടെയിൽ പൂക്കടകളിൽ ദിവസവും 10,000 മുതൽ 15,000 രൂപ വരെ കച്ചവടം നടന്നിരുന്നു. ഓണത്തിന്റെ അവസാനത്തെ നാളുകളിൽ കച്ചവടം 25,​000 രൂപ വരെ എത്താറുണ്ട്. സീസൺ സമയങ്ങളിൽ അഞ്ച് ജോലിക്കാ‌‌ർ വരെ പൂക്കടകളിൽ ജോലി ചെയ്തിരുന്നു.

കോളേജ്, സ്കൂൾ, ക്ലബ്, ഓഫീസുകൾ തുടങ്ങി വിവിധയിടങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളമൊരുക്കൽ നടന്നിരുന്നു. എന്നാൽ കൊവിഡോടെ ഇതെല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ തന്നെ വലിയൊരു കച്ചവടമാണ് നഷ്ടമായത്. പ്രധാനമായും ഹൊസൂർ, സേലം, ദിണ്ടുകൽ എന്നീ സ്ഥലങ്ങളിൽ നിന്നായിരുന്നു ജില്ലയിലേക്കാവശ്യമായ പൂക്കൾ ഏറെയും വന്നിരുന്നത്.

25,​000 മുതൽ 50,​000 രൂപ വരെ ഒരു ലോഡിന് വിലയുള്ള 100 മുതൽ 150 വരെ ലോറി ലോഡുകൾ സാധാരണ ഓണ സീസണുകളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് മാർക്കറ്റിലെത്തിയിരുന്നു. കല്ല്യാണ മണ്ഡപങ്ങളെല്ലാം അടഞ്ഞ് കിടക്കുന്നതിനാൽ ഡെക്കറേഷൻ ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് പൂവ് വേണ്ടാതായതോടെ കല്ല്യാണങ്ങളിൽ നിന്നുള്ള വരുമാനവും നിലച്ചു.

കൊവിഡ് ഭീതി മൂലം വീടുകളിലേക്ക് പോലും പൂക്കൾ വാങ്ങാൻ ആളുകൾ മടിക്കുന്നുണ്ട്. 24 വർഷമായി പൂക്കച്ചവടം നടത്തുന്നുണ്ടെങ്കിലും ഇതുപോലെ കച്ചവടം കുറഞ്ഞ നാളുകളുണ്ടായിട്ടില്ല. റാഫി,​ മംഗല്യ ഫ്ളവ‌ർ സ്റ്റാൾ മലപ്പുറം