kulam
വീട്ടുമുറ്റത്ത് നീന്തൽകുളം നിർമ്മിച്ചപ്പോൾ

തിരൂരങ്ങാടി: ഞങ്ങളിവിടെ നീന്തൽകുളം കുഴിക്കുകയാണെന്ന് പറഞ്ഞ് സലാഹുദ്ദീനും മുഹമ്മദ് മുസമ്മിലും വീട്ടിനടുത്ത് കുഴിയുണ്ടാക്കുന്നത് കണ്ട് വീട്ടുകാർ ആദ്യമൊന്നും അത്ര കാര്യമാക്കിയിരുന്നില്ല. ഒമ്പതാം ക്ലാസുകാരായ ഇരുവരും ദിവസങ്ങൾക്കകം കൊണ്ടാണ് നല്ലൊരു നീന്തൽകുളം ഉണ്ടാക്കിയത്. കുണ്ടൂർ ഈസ്റ്റിലെ തച്ചറക്കൽ സുബൈറിന്റെ മകൻ സലാഹുദ്ദീനും സുബൈറിന്റെ സഹോദരൻ അശ്റഫിന്റെ മകൻ മുഹമ്മദ് മുസമ്മിലുമാണ് നീന്തൽ പഠിക്കണമെന്ന അതിയായ ആഗ്രഹംമൂലം വീട്ടുമുറ്റത്ത് നീന്തൽകുളമുണ്ടാക്കിയത്. കൊവിഡിൽ സ്കൂൾ തുറക്കാതായതോടെ വെറുതെയിരുന്ന് മുശിഞ്ഞ ഇരുവരും കുളം നിർമ്മാണത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യം അവഗണിച്ച വീട്ടുകാരും പിന്തുണ നൽകി. ഏകദേശം അഞ്ച് അടി താഴ്ച്ചയും ആറ് മീറ്റർ നീളവുമുണ്ട് നീന്തൽകുളത്തിന്. കുഴിയിൽ ചാക്കുകളും സ്‌പോഞ്ചും റെക്സിൻ ഷീറ്റുകളും വിരിച്ച ശേഷം വലിയ ടാർപോളിൻ വിരിച്ചാണ് കുളം ഉണ്ടാക്കിയിട്ടുള്ളത്. മൂന്ന് കിണറുകളിൽ നിന്നായി മോട്ടോർ വഴിയാണ് വെള്ളം നിറച്ചിട്ടുള്ളത്. ചെറിയ കുട്ടികൾക്ക് ഇതിലേക്ക് ഇറങ്ങാനും നീന്തൽ പഠിക്കാനുമായി ചുറ്റിലും പ്ലാസ്റ്റിക് കയർ കെട്ടിയിട്ടുമുണ്ട്
സലാഹുദ്ദീനും മുഹമ്മദ് മുസമ്മിലും ഒരു ദിവസം കൊണ്ടുതന്നെ നീന്തൽ പഠിച്ചു. ഇളയസഹോദരങ്ങളും മറ്റ് മൂന്നു പേരും രണ്ട് ദിവസത്തിനകം നീന്തൽ പഠിച്ചു. വീട്ടിലെ മറ്റുചെറിയ കുട്ടികളും നീന്തൽ പഠിച്ചു വരുന്നതായി വീട്ടുകാർ പറഞ്ഞു.
സലാഹുദ്ദീൻ മൂന്നിയൂർ കളത്തിങ്ങൽ പാറ ദാറുത്തർബിയ്യ കോളേജിലും മുഹമ്മദ് മുസമ്മിൽകോഴിക്കോട് പാലാഴി ഹിദായ ദഅവാ കോളേജിലും ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്,