നിലമ്പൂർ: വനം വകുപ്പിന്റ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ സെപ്തംബർ ഒന്ന് മുതൽ സന്ദർശകർക്ക് തുറന്നു കൊടുക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാവും പ്രവേശനം. നിലമ്പൂർ നോർത്ത് ഡിവിഷനിലെ കനോലി തേക്ക് തോട്ടം, ചന്തക്കുന്ന് ഡി.എഫ്.ഒ ബംഗ്ലാവ് സ്‌കൈ വാക്, കോഴിപ്പാറ വെള്ളച്ചാട്ടം എന്നീ കേന്ദ്രങ്ങളാണ് തുറക്കുന്നത്. പ്രവേശനത്തിന് മുമ്പ് തെർമ്മൽ സ്‌കാനിംഗ് നടത്തും. സന്ദർശകർക്ക് കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകാൻ സംവിധാനം, സാനിറ്റൈസർ എന്നിവ ക്രമീകരിക്കും. സാമുഹിക അകലം പാലിക്കണം. ഒരേസമയം 10 പേർക്കാണ് പ്രവേശനമെന്ന് ഡി.എഫ്.ഒ ഒ.കെ.ജെ മാർട്ടിൻ ലോവെൽ പറഞ്ഞു. ചാലിയാറിലെ തൂക്കുപാലം തകർന്നതിനാൽ കനോലി തോട്ടം സന്ദർശനത്തിന് ജീപ്പ് സഫാരി ക്രമീകരിക്കും. അകമ്പാടം വഴി തോട്ടത്തിലേക്ക് 16 കിലോമീറ്റർ സഞ്ചരിക്കണം. വി.എസ്.എസ് അംഗങ്ങളുടെ നാല് ജീപ്പുകളിലാണ് സഫാരി നടത്തുക. ഒരാൾക്ക് 200 രൂപയാണ് നിരക്ക്. സന്ദർശനം കഴിഞ്ഞ് തിരികെ നിലമ്പൂരിലെത്തിക്കും. കോഴിപ്പാറയിൽ നിന്ന് പഴശ്ശി ഗുഹ, കുരിശുമല എന്നിവിടങ്ങളിലേക്ക് വൈകാതെ ജീപ്പ് സഫാരി, ട്രെക്കിംഗ് എന്നിവയ്ക്ക് സൗകര്യമൊരുക്കും. ഒന്നര കിലോമീറ്റർ ജിപ്പ് സഫാരി, അര കിലോമീറ്റർ ട്രെക്കിംഗ് എന്നിങ്ങനെയാണ് ക്രമീകരണം. പ്രവേശനത്തിന് വൈകാതെ ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തും