പൊന്നാനി: സിവിൽ സർവ്വീസ് പരിശീലന കേന്ദ്രത്തിൽ പച്ചക്കറിക്കൃഷിക്കെന്ത് കാര്യം?. പല കാര്യങ്ങളുമുണ്ടെന്ന് തെളിയിക്കുകയാണ് പൊന്നാനി ഈശ്വരമംഗലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കരിയർ സ്റ്റഡീസ് ആൻ്റ് റിസർച്ച്(ഐ.സി.എസ്.ആർ).
കേന്ദ്രത്തിന്റെ 12.5 സെന്റിൽ ഒരുക്കിയ പോളിഹൗസ് വഴി പച്ചക്കറിക്കൃഷിയിൽ വൻ വിപ്ലവമാണ് സാദ്ധ്യമാക്കിയത്. പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെ തൈകളും ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിക്കാവശ്യമായ തൈകൾ ജില്ലയിൽ നൽകുന്നത് ഇവിടെ നിന്നാണ്. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ ജീവനി പദ്ധതിക്കുള്ള തൈകളും ഇവിടെ നിന്നുതന്നെ.
15 സെന്റിൽ ഫലവൃക്ഷവും അതിലേറെ സ്ഥലത്ത് പച്ചക്കറിയുമുണ്ട്. കുറേ ഭാഗം പുഷ്പക്കൃഷിക്കായി മാറ്റിവച്ചിരിക്കുന്നു. സെന്ററിലെ 75 വിദ്യാർത്ഥികൾക്ക് ഭക്ഷണമൊരുക്കിയിരുന്നത് ഇവിടെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി ഉപയോഗിച്ചാണ്. വെണ്ട, വഴുതന, പച്ചമുളക്, മുരിങ്ങ, പയർ എന്നിവ പ്രധാന വിളകൾ. ഭക്ഷണശാലയിലെ ഉപയോഗത്തിന് ശേഷം പുറത്തു കൊടുക്കാനുള്ള പച്ചക്കറിയും ബാക്കിയുണ്ടാകും. പച്ചക്കറി തോട്ടത്തിന്റെയും പൂന്തോട്ടത്തിന്റെയും പരിപാലനം ഡ്യൂട്ടിയുടെ ഭാഗമായാണ് ജീവനക്കാർ കാണുന്നത്.
പച്ചക്കറി കൃഷിയിൽ നിന്നുള്ള വരുമാനം ജീവനക്കാരുടെ ക്ഷേമത്തിനും പരിശീലന കേന്ദ്രത്തിന്റെ അത്യാവശ്യങ്ങൾക്കുമായാണ് ഉപയോഗിക്കുന്നത്. സെന്ററിലെ ആവശ്യങ്ങൾക്ക് സർക്കാർ ഫണ്ട് കാത്തുനിൽക്കാറില്ല. കൃഷിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ് ഫോട്ടോസ്റ്റാറ്റ് മെഷീനും എൽ.സി.ഡി പ്രൊജക്ടറും ഫർണ്ണിച്ചറുകളിൽ ചിലതും വാങ്ങിയത്. കുറഞ്ഞ ശമ്പളമുള്ള ജീവനക്കാർക്ക് പ്രത്യേക ആനുകൂല്യങ്ങൾക്കും ഫണ്ട് കണ്ടെത്തുന്നു. കൃഷി പരിപാലനത്തിനായി പ്രത്യേകം ജീവനക്കാരുണ്ട്.
ഓണാഘോഷത്തിന്റെ ഭാഗമായി പുറമ്പോക്കിലെ 150 കുടുംബങ്ങൾക്കും തൊട്ടടുത്ത മേഖലകളിലെ 100 നിർധന കുടുംബങ്ങൾക്കും സെന്റർ പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. 16 ഇനം പച്ചക്കറികളായിരുന്നു കിറ്റിലുണ്ടായിരുന്നത്. ഇതിൽ പകുതിയോളം ഇനവും സെന്ററിലെ കോമ്പൗണ്ടിൽ വിളയിച്ചവയാണ്. കഴിഞ്ഞ വിഷുവിനും പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
സെന്റർ കോഓർഡിനേറ്റർ ടി.വൈ അരവിന്ദാക്ഷന്റെ നേതൃത്വത്തിലാണ് കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും പച്ച പിടിച്ചു നിൽക്കുന്നത്.
പഠനത്തിനും പരിശീലനത്തിനുമൊപ്പം സാമൂഹ്യ പ്രതിബദ്ധതയുള്ള സ്ഥാപനമാക്കി ഐ.സി. എം.ആറിനെ മാറ്റുകയാണ് ലക്ഷ്യം
ടി.വൈ. അരവിന്ദാക്ഷൻ