ggggg

മലപ്പുറം: തിരുവോണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾക്കായി ഞായറാഴ്ച്ചയിലെ സമ്പൂർണ്ണ ലോക്ക് ഡൗൺ ഒഴിവാക്കിയതോടെ നാളെ ഉത്രാടപ്പാച്ചിലിലാവും നാടും നഗരവും. ഓണാഘോഷത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലെ തിരക്കിലാവും. ലോക്ക് ഡൗൺ ഒഴിവാക്കിയെങ്കിലും കടകളിൽ നിയന്ത്രണം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡുകൾ രംഗത്തുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്രാടപ്പാച്ചിലിലേക്ക് നിൽക്കാതെ നേരത്തെ തന്നെ ഓണ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് മിക്കവരും. അവസാന നിമിഷം വാങ്ങേണ്ട സാധനങ്ങൾക്ക് വേണ്ടിയാവും ഇനി ഇറങ്ങുക. മൂന്ന് ദിവസമായി രാത്രി ഒമ്പതുവരെ കച്ചവട കേന്ദ്രങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതും ഉത്രാടനാളിലെ തിരക്ക് കുറയ്ക്കാൻ സഹായകമാവും. ഓണച്ചന്തകളും സജീവമാണെങ്കിലും ഇവിടങ്ങളിൽ കർശന നിയന്ത്രണങ്ങളുണ്ട്. അതേസമയം സ്ഥിരം ഓണക്കാഴ്ചകളായ പായസം മേളയും വിവിധ വിപണന മേളകളും ഇത്തവണയില്ല. സ്ഥിരം കടകളിൽ മാത്രമാണ് പൂക്കളുടെ വിൽപ്പനയുള്ളത്. വഴിയോരങ്ങളിലെ പൂവിൽപ്പനകൾ കാണാനേയില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കളുടെ വരവ് ഇല്ലാതായി. വിലയിൽ കാര്യമായ വർദ്ധനവില്ല. കൊവിഡ് ഭീതിയിൽ പുറത്ത് നിന്ന് പൂക്കൾ വാങ്ങാൻ പോലും ആളുകൾ മടിക്കുന്നതായി കച്ചവടക്കാർ പറയുന്നു.

ഇനി റിലേയല്ല

ഇനി അഞ്ച് ദിവസത്തേക്ക് സമീപ ജില്ലകളിലേക്ക് കെ.എസ്.ആർ.ടി.സി നേരിട്ട് സർവീസ് നടത്തും. ഓണത്തോടനുബന്ധിച്ച് സർക്കാർ നിർദ്ദേശപ്രകാരം സെപ്തംബർ രണ്ട് വരെയാവുമിത്. നേരത്തെ റിലേ സർവീസാണ് നടത്തിയിരുന്നത്. മലപ്പുറത്ത് നിന്ന് പാലക്കാട്ടേക്ക് യാത്ര ചെയ്യണമെങ്കിൽ പെരിന്തൽമണ്ണയിൽ നിന്ന് മാറിക്കയറി വേണം യാത്ര ചെയ്യാൻ. തൃശൂ‌ർ, കോഴിക്കോട് ജില്ലകളിലേക്കും ഇത്തരത്തിൽ റിലേ സർവീസ് പോയിന്റുകൾ നിശ്ചയിച്ചിട്ടുണ്ട്. ഫലത്തിൽ യാത്രക്കാർക്ക് രണ്ട് ബസുകൾ മാറിക്കയറിയുള്ള സമയനഷ്ടമല്ലാതെ മറ്റു നേട്ടങ്ങളൊന്നുമില്ല. മലപ്പുറത്ത് നിന്ന് ആറ് ബസുകളും പെരിന്തൽമണ്ണയിൽ നിന്ന് അഞ്ചും ബസുകളാണ് പാലക്കാട്ടേക്ക് നേരിട്ട് സർവീസ് നടത്തുകയെന്ന് മലപ്പുറം ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ പറഞ്ഞു. പാലക്കാട്,​ കോഴിക്കോട് ജില്ലകളിൽ നിന്നും ആറ് ബസുകളും ഇത്തരത്തിൽ സർവീസ് നടത്തും.