nila
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിള പൈതൃക മ്യൂസിയം സന്ദർശിച്ചപ്പോൾ

പൊന്നാനി: കാഴ്ച്ചയുടെയും അനുഭവത്തിന്റെയും മാസ്മരികതയുമായി പൊന്നാനിപ്പുഴയോരത്ത് നിള പൈതൃക മ്യൂസിയം ഒരുങ്ങുന്നു. ലോകോത്തര മാതൃകയിൽ തയ്യാറാകുന്ന മ്യൂസിയത്തിന്റെ അവസാനഘട്ട ക്യുറേറ്റർ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. നവംബറിൽ നാടിന് സമർപ്പിക്കും.

കർമ്മ റോഡിലെ ചമ്രവട്ടം പ്രൊജക്ട് ഓഫീസ് കോമ്പൗണ്ടിൽ 17,000 ചതുരശ്ര വിസ്തീർണ്ണത്തിൽ ഒരുക്കുന്ന കെട്ടിടം ഇൻഡോ ഡച്ച് വാസ്തു മാതൃകയിലാണ്. രണ്ടേക്കറിലാണ് കെട്ടിടം. ആസ്വാദനവും അറിവും ഗവേഷണവും സംയോജിപ്പിച്ച് വിവിധ കാലങ്ങളുടെ സംഗ്രഹാലയമെന്ന നിലയിലാണ് പദ്ധതി.

വിവിധ രാജ്യാന്തര സർവകലാശാലകളുമായും അന്താരാഷ്ട്ര സാംസ്‌കാരിക കേന്ദ്രങ്ങളുമായും ഉണ്ടാക്കിയ ധാരണ പ്രകാരം കൈമാറ്റവിധാനത്തിൽ വൈജ്ഞാനിക ഗവേഷണ സൗകര്യം മ്യൂസിയത്തിലുണ്ടാകും. പത്ത് ലക്ഷത്തിൽപരം ഡിജിറ്റൽ പുസ്തക ശേഖരവും ഓപ്പൺ ആർക്കേവ് ശേഖരവും ഒരുക്കും.

ടെലിസ്‌ക്രീനുകളുടെ സഹായത്തോടെയാണ് പ്രദർശനം. സ്‌ക്രീനിൽ ത്രിമാന കാഴ്ച്ചകൾ ഒരുക്കും. പൊന്നാനിയുടെ പഴയകാല വ്യാപര പൗഢി പ്രകടമാക്കുന്ന തരത്തിൽ പാണ്ടികശാല മ്യൂസിയത്തിൽ പുനഃസൃഷടിക്കും. നിളയൊഴുക്കിന്റെ വിവിധ ഭാവങ്ങൾ, കെ.സി.എസ് പണിക്കർ, ടി.കെ.പത്മിനി എന്നിവരുടെ വിഖ്യാത വരകൾ, ആർടിസ്റ്റ് നമ്പൂതിരിയുടെ സമകാലിക വരകൾ എന്നിവയുണ്ടാകും.

പറയിപെറ്റ പന്തിരുകുലത്തെ പുനരാവിഷ്‌ക്കരിക്കുന്ന മാതൃകയൊരുക്കുന്നുണ്ട്. മ്യൂസിയത്തിലെ നടുമുറ്റത്ത് കയർ നിർമ്മാണശാല, പഴയകാല ചന്ത, വാഹന ഗതാഗതം എന്നിവയൊരുക്കും. പുനർജ്ജനി ഗുഹയുടെ മാതൃകയുമുണ്ട്. പൊന്നാനി വലിയപള്ളിയുടേയും തൃക്കാവ് ക്ഷേത്രത്തിന്റെയും പൂമുഖങ്ങൾ പുനഃസൃഷ്ടിച്ച് വാസ്തു സമാനതകൾ അറിയാൻ സൗകര്യമൊരുക്കും തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രവും വേദപാഠശാലയും ഒരുക്കും. മാധവ ജ്യോതിഷത്തെ പ്രമേയമാക്കിയുള്ള പഠന ഇടവുമൊരുക്കും. പൊന്നാനിക്കളരിയെ ശിൽപ്പചാരുതയോടെ ഒരുക്കുന്നുണ്ട്. സാഹിത്യ പ്രതിഭകളായ ഉറൂബ്, ഇടശ്ശേരി, വി.ടി.ഭട്ടതിരിപ്പാട്, എം.ഗോവിന്ദൻ, കടവനാട് കുട്ടികൃഷ്ണൻ, കെ.ദാമോദരൻ, അക്കിത്തം എന്നിവരുടെ ശിൽപ്പങ്ങളോടെയാണ് പൊന്നാനിക്കളരി ഒരുക്കുക.

കെട്ടിടത്തിന് പുറത്ത് പൊന്നാനിയെ ചുമർ ചിത്രങ്ങളിൽ ആവിഷ്‌ക്കരിക്കും. പുൽത്തകിടിയും മുക്കൂട്ടങ്ങളുമായി കാമ്പസ് വഴികളും സുന്ദരമാക്കും. എം.ടി.വാസുദേവൻ നായർ, ഇ.എം.എസ് നമ്പൂതിരിപ്പാട് ഉൾപ്പെടെ പ്രമുഖരുടെ മെഴുക് പ്രതിമകൾ സ്ഥാപിക്കും. അന്താരാഷ്ട്ര ചിത്രകാരന്മാർക്ക് ഒരുമിച്ചു കൂടുവാൻ പ്രത്യേക പ്രദർശനം ഉണ്ടാകും. വിശാലമായ കോൺഫറൻസ് ഹാളും മിനി തിയ്യേറ്ററും ഇതോടൊപ്പമുണ്ട്. കെട്ടിടത്തിന്റെ പ്രവൃത്തികൾ ഭൂരിഭാഗവും പൂർത്തീകരിച്ചു. ക്യൂറേറ്റിംഗ് പ്രവൃത്തികൾക്ക് അടുത്ത മാസം തുടക്കമാകും.

ഭിന്നശേഷി സൗഹൃദം

രാജ്യത്തെ ആദ്യ ഭിന്നശേഷി സൗഹൃദ മ്യൂസിയമെന്നതാണ് പ്രധാന സവിശേഷത. കാഴ്ച്ചശക്തിയില്ലാത്തവർക്കായി വിപുലമായ സൗകര്യങ്ങളുണ്ട്. വീൽച്ചെയറിൽ സഞ്ചരിക്കാവുതകുന്ന ടാക്ട് ടൈലുകളാണ് പാകിയിരിക്കുന്നത്. ഓരോ കാഴ്ചകളും വിവരിക്കാൻ കിയോസ്‌ക്കുകളുണ്ടാകും. മ്യൂസിയം ഹാളിൽ ചക്രക്കസേര കയറാവുന്ന റാമ്പുകളാണുള്ളത്. പ്രത്യേക ശൗചാലയവുമുണ്ട്. ചക്രക്കസേരയിലിരുന്ന് ഉപയോഗിക്കാവുന്ന ഡിജിറ്റൽ ലൈബ്രറിയും സഞ്ചാരത്തിനായി ശബ്ദമാർഗ്ഗദർശിയുമുണ്ടാകും. മുഴുവൻ തൂണുകളിലും ബ്രെയ്‌ലി ലിപി ആലേഖനം ചെയ്യും. ബ്രെയ്‌ലി ക്രിക്കറ്റ്, ചെസ് എന്നിവയ്ക്കുള്ള സൗകര്യങ്ങളുമുണ്ടാകും.