തിരൂരങ്ങാടി: കൊവിഡ്തുടങ്ങിയ ശേഷം തിരൂരങ്ങാടി മാർക്കറ്റ് റോഡിലെ വലിയാട്ട് മൊയ്തീൻ കുട്ടി എന്ന ബാപ്പുട്ടി ഹാജിയുടെ (83) ഒറ്റമുറി വായനശാല ശൂന്യമാണ്. 1000ത്തിലേറെ പുസ്തകങ്ങളടങ്ങിയ അദ്ദേഹത്തിന്റെ ഒറ്റമുറി നാടിന്റെ വായനശാലയായിരുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും ഇവിടെയത്തി പുസ്തകങ്ങൾ വായിക്കാം. മലയാളം ,ഇംഗ്ലീഷ്, ഹിന്ദി, അറബി എന്നീ ഭാഷകളിലുള്ള പുസ്തകങ്ങൾ ഇവിടെയുണ്ട്. കുട്ടികളുടെ പുസ്തകങ്ങൾ, വിവിധ തരം ചരിത്ര പുസ്തകങ്ങൾ, പഴയകാല പതിപ്പുകൾ, മാസികകൾ തുടങ്ങിയവയാണ് ഹാജിയുടെ ശേഖരത്തിലുള്ളത്. കുട്ടികളും മുതിർന്നവരുമൊക്കെ ഹാജിയുടെ ലൈബ്രറിയിലെത്തുമായിരുന്നു. കൊവിഡിൽ ഇതു നിലച്ചതോടെ ഒറ്റമുറി റൂമിൽ ഹാജി തനിച്ചാണ്.
തിരൂരങ്ങാടിയിലെ മിക്ക സ്കൂളുകളിലെയും വിദ്യാർത്ഥികൾ ഇദ്ദേഹത്തിന്റെ ബുക്കുകൾ തേടി വരാറുണ്ട്. ലൈബ്രറിയുടെ നിബന്ധനകളൊന്നുമില്ല. ആർക്കും കയറിച്ചെല്ലാം. വായിക്കാം.
പഴയ എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള ഹാജിക്ക് ചെറുപ്പം മുതൽ വായനാശീലമുണ്ടായിരുന്നു. 1977 മുതൽ 25 വർഷത്തോളം സൗദിയിലെ തായിഫിൽ ഒരു കമ്പനിയിൽ ജോലി ചെയ്തു. ഒരു പാടു പുസ്തകങ്ങളുമായാണ് മടങ്ങിയെത്തിയത്. പിന്നീട് സ്വന്തമായി കെട്ടിടം പണിഞ്ഞ് ലൈബ്രറി റൂം തയ്യാറാക്കി. നാട്ടുകാർക്ക് വായിക്കാനുള്ള സൗകര്യങ്ങളും ചെയ്തു കൊടുത്തു. 18 വർഷം മുമ്പ് ഉമ്മ മരിച്ച ശേഷം ലൈബ്രറിയിൽ തന്നെയാണ് കിടത്തവും ഭക്ഷണം പാകം ചെയ്യലും.
ഭാര്യ:ഫാത്തിമ. മൂന്ന് ആൺമക്കളും മൂന്ന് പെൺമക്കളും ഉണ്ട്.
കൊവിഡ് പിൻവലിഞ്ഞ ശേഷം വീണ്ടും ലൈബ്രറി സജീവമാക്കാനാണ് ഹാജിയുടെ പദ്ധതി.