flight

മലപ്പുറം: വിമാന ദുരന്തത്തിന് ശേഷം കരിപ്പൂരിന് ജീവനേകി സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. ഡൽഹി, ഹൈദരാബാദ്, മുംബൈ, ചെന്നൈ സെക്ടറുകളിലേക്കാണ് സർവീസ് തുടങ്ങുന്നത്. ഇതിൽ ആദ്യ സർവീസ് ഹൈദരാബാദ് സെക്ടറിലേക്കാണ്. സെപ്തംബർ രണ്ടിന് രാവിലെ 10.15ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന ഇൻഡിഗോ വിമാനം ഉച്ചയ്ക്ക് പന്ത്രണ്ടോടെ ഹൈദരാബാദിലെത്തും. ഹൈദരാബാദിൽ നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് 9.45ന് കരിപ്പൂരിലെത്തും വിധമാണ് സർവീസുകൾ. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാവും സർവീസുകൾ. സ്പൈസ് ജെറ്റും കൂടുതൽ സ‌‌ർവീസുകൾ ആരംഭിക്കുന്നുണ്ട്.
സെപ്തംബർ പകുതിയോടെ മുംബൈയിലേക്കുള്ള സർവീസ് തുടങ്ങും. വൈകിട്ട് 3.05ന് കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് 4.55ന് മുംബൈയിലെത്തും. ഉച്ചയ്ക്ക് 12.35ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് 2.35ന് ആണ് കരിപ്പൂരിലിറങ്ങുക. ഒക്ടോബറിൽ കൂടുതൽ മുംബൈ സർവീസുകൾ കരിപ്പൂരിൽ നിന്ന് തുടങ്ങും. ഡൽഹി, ചെന്നൈ സർവീസുകൾ ഒക്ടോബർ 25 മുതൽ തുടങ്ങും. എല്ലാ ദിവസവും സർവീസുണ്ടാവും. കരിപ്പൂരിൽ നിന്ന് രാത്രി 7.50ന് പുറപ്പെട്ട് 10.50ന് ഡൽഹിയിലെത്തും. 11.55ന് ഡൽഹിയിൽ നിന്ന് തിരിച്ചു പുലർച്ചെ 3.05ന് കോഴിക്കോട്ടെത്തും. ചെന്നൈയിലേക്ക് രാവിലെ 11.25ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05ന് ചെന്നൈയിലെത്തും.