fathima
ഫാത്തിമ

പെരിന്തൽമണ്ണ: ലോക്ഡൗൺ കാലം ഫലപ്രദമായി ഉപയോഗിച്ച് ഭാവിയിലെ വളർച്ചയ്ക്കായി മാറ്റിവച്ചവരുടെ കൂട്ടത്തിൽ എഴുതിച്ചേർക്കാവുന്ന പേരാണ് അബൂദബി ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയുടേത്. 40 ദിവസത്തെ പരിശ്രമത്തിനൊടുവിൽ ലോകോത്തര സർവകലാശാലകളുടെ ഓൺലൈൻ ഹ്രസ്വകാല കോഴ്സുകൾ പൂർത്തിയാക്കി ഫാത്തിമ സമ്പാദിച്ചത് 30 സർട്ടിഫിക്കറ്റുകളാണ്. 'കോഴ്‌സെറ' എന്ന സൗജന്യ ഓൺലൈൻ പഠന സംവിധാനം വഴി ലോകത്തിലെ വിവിധ സർവകലാശാലകൾ അംഗീകരിച്ച കോഴ്സുകളാണ് പെരിന്തൽമണ്ണ അങ്ങാടിപ്പുറം കൊണ്ടേരിത്തൊടി നൗഫഫലിന്റെയും ലമീഷയുടെയും മകൾ ഫാത്തിമ പൂർത്തിയാക്കിയത്.
കൊവിഡ് കാലത്ത് ഓൺലൈൻ പഠനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുമ്നി അസോസിയേഷൻ നൗഫലിനയച്ച ഇ-മെയിലാണ് ഫാത്തിമയെ ഹ്രസ്വ കോഴ്സുകളിലേക്കെത്തിച്ചത്. കൊവിഡോടെ ക്ലാസ് മുറികളിലെ പഠനത്തിന് പകരം അബൂദാബിയിലും വിദൂരപഠനമാണ് നടക്കുന്നത്. ഇതിനൊപ്പം വേനലവധിക്ക് സ്‌കൂൾ അടച്ചതോടെയും 'കോഴ്‌സെറ' പഠനസൗകര്യം പരീക്ഷിക്കാനുറച്ചു. സ്റ്റാൻഫോഡ് യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടർ സയൻസ് പ്രഫസർമാരായ ആൻഡ്രൂ എൻജി, ഡാഫ്‌നെ കൊല്ലർ എന്നിവർ ചേർന്ന് 2012ൽ സ്ഥാപിച്ച ലോകമെമ്പാടുമുള്ള ഓൺലൈൻ പഠന പ്ലാറ്റ്‌ഫോമാണ് കോഴ്‌സെറ. രജിസ്റ്റർ ചെയ്ത് പഠനം തുടങ്ങി ആദ്യ സർട്ടിഫിക്കറ്റ് കിട്ടിയത് ജൂലൈ 14 നായിരുന്നു. ലോകോത്തര സർവകലാശാലയുടെ സർട്ടിഫിക്കറ്റ് ലഭിച്ചതോടെ പഠനം തുടർന്നുകൊണ്ടേയിരുന്നു. ആഗസ്റ്റ് 22നകം 22 ഓൺലൈൻ കോഴ്സുകൾ പൂർത്തിയാക്കി വിവിധ സർവകലാശാലകളുടെ സർട്ടിഫിക്കറ്റുകൾ നേടി. പോസിറ്റിവ് സൈക്കോളജി (യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കാലിഫോർണിയ)​,​ തലച്ചോറിന്റെ ആരോഗ്യം (ബയോഹാക്കിങ് എമോറി യൂനിവേഴ്സിറ്റി),​ ന്യൂ നോർഡിക് ഡയറ്റ് ഗ്യാസ്‌ട്രോണമി ടു ഹെൽത്ത് (യൂനിവേഴ്സിറ്റി ഓഫ് കോപൻഹേഗൻ),​ സൈക്കോളജിക്കൽ ഫസ്റ്റ് എയ്ഡ് (ജോൺസ് ഹോപ്കിൻസ് യൂനിവേഴ്സിറ്റി) എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ നീളുന്നു. പത്താം ക്ലാസ് വിദ്യാർത്ഥി ഇത്രയധികം കോഴ്സ് പൂർത്തിയാക്കുന്നത് വലിയ നേട്ടമാണെന്ന് പി.എസ്.എം.ഒ കോളേജ് പ്രിൻസിപ്പൽ ഡോ. കെ.അസീസ് പറയുന്നു.