covid
കളക്ടറേറ്റിലെ കൊവിഡ് വാർ റൂം

മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാവരും കരുതലോടെ ഓണം ആഘോഷിക്കമ്പോൾ തിരുവോണത്തിനും വിശ്രമരഹിതമായി ഉണർന്ന് പ്രവർത്തിക്കുകയാണ് ജില്ലാ കൊവിഡ് വാർ റൂം. ഓണാവധികളോട് പോലൂം നോ പറഞ്ഞ് എല്ലാ ആഘോഷങ്ങൾക്കും അവധി നൽകിയിരിക്കുകയാണ് ജില്ലാകളക്ടർ കെ.ഗോപാലകൃഷ്ണൻ, ഡി.എം.ഒ ഡോ കെ.സക്കീന, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ ടി.ജി.ഗോകുൽ എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂം. സബ് കളക്ടർ കെ.എസ്.അഞ്ജു, അസിസ്റ്റന്റ് കളക്ടർ വിഷ്ണു രാജ് എന്നിവരുടെ മേൽനോട്ടത്തിൽ നടക്കുന്ന കൊവിഡ് വാർ റൂമിൽ 70 ഓളം അദ്ധ്യാപകരാണ് വിശ്രമരഹിതരായി പ്രവർത്തിക്കുന്നത്. കളക്ടറേറ്റിൽ വാർ റൂം തുടങ്ങിയ നാൾ മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുകയാണവർ. കൊവിഡ് 19 പരിശോധനയിൽ പോസിറ്റീവായ ആളുകളെ കൊവിഡ് ആശുപത്രികളിലും സി.എഫ്.എൽ.ടി.സികളിലും ആംബുലൻസുകളിൽ എത്തിക്കാനുള്ള നടപടികളും പരിശോധനയിൽ നെഗറ്റീവ് ആയ ആളുകളെ പരിശോധന ഫലം വിളിച്ച് അറിയിക്കുകയും ചെയ്യുന്ന സമയബന്ധിതമായ പ്രവർത്തനങ്ങളാണ് വാർ റൂമിൽ നടക്കുന്നത്. പൊസീറ്റീവായവരെ ആശുപത്രികളിലെത്തിച്ചു എന്ന കാര്യം ഉറപ്പുവരുത്തിയാണ് വാർ റൂം പ്രവർത്തിക്കുന്നത്.

രണ്ട് ഷിഫ്റ്റുകളിലായാണ് വാർ റൂമിന്റെ പ്രവർത്തനം. രാവിലെ ഒമ്പത് മുതൽ വൈകീട്ട് നാല് വരെ ഒരു ടീമും വൈകീട്ട് നാല് മുതൽ 10 വരെ മറ്റൊരു ടീമുമാണ് വാർ റൂമിനെ നയിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി അദ്ധ്യാപകരുടെ നിസ്വാർത്ഥമായ സേവനവും ജാഗ്രതയോടെയുള്ള പ്രവർത്തനവുമാണ് തിരവോണമുൾപ്പടെയുള്ള എല്ലാ അവധി ദിനങ്ങളിലും വാർ റൂമിന് ഊർജസ്വലമായി പ്രവർത്തിക്കാൻ കഴിയുന്നതെന്ന് വാർ റൂമിന്റെ ഇൻ ചാർജ് ഓഫീസർ ജൂനിയർ സൂപ്രണ്ട് പി. ഷിബു പറ‍ഞ്ഞു. അദ്ധ്യാപകരോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ആരോഗ്യവകുപ്പ് ജീവനക്കാരും ആർ.ടി.ഒ ഉദ്യോഗസ്ഥരും വാർ റൂമിന്റെ പ്രവർത്തനങ്ങൾക്ക് മുൻനിരയിലുണ്ട്. ഓരോ ദിവസവും ജില്ലയിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അവധികൾക്കും ആഘോഷങ്ങൾക്കും തത്ക്കാലം വിടപറയുകയാണ് വാർ റൂമിലെ പ്രവർത്തകർ.