waste
.

പാലക്കാട്: ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ഒരുമാസത്തിനിടെ ക്ലീൻ കേരള കമ്പനി ശേഖരിച്ചത് 1160 ടൺ അജൈവ മാലിന്യം. ലോക്ക് ഡൗണിന് തുടർന്ന് ശേഖരിക്കുന്ന മാലിന്യം അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റിയയക്കുന്നതിന് ബുദ്ധിമുട്ട് നേരിട്ടതോടെ കമ്പനി മാലിന്യ നീക്കം താത്കാലികമായി നിറുത്തിവച്ചിരുന്നു. രാജ്യം അൺലോക്കിലേക്ക് കടന്നതോടെയാണ് ജൂലായ് ആദ്യവാരംമുതൽ മാലിന്യനീക്കം പുനരാരംഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി ഇതുവരെ 5355.487 മെട്രിക് ടൺ മാലിന്യമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ക്ലീൻ കേരളാ കമ്പനിക്ക് നൽകിയത്. ഇതിൽ 4904.993 മെട്രിക് ടൺ മാലിന്യവും പുനരുപയോഗിക്കാൻ കഴിയാത്തവിധം അപകടകരമായവയാണ്. ഇത്തരം മാലിന്യങ്ങൾക്ക് ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആവശ്യക്കാർ ഏറെയാണ്.

 ജില്ലയിലെ 20 പഞ്ചായത്തുകളിലെ മാലിന്യം പൂർണമായി നീക്കംചെയ്തു. മറ്റുള്ള സ്ഥലങ്ങളിൽ ജോലികൾ പുരോഗമിക്കുന്നു. രണ്ട് ഏജൻസികളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. പുനരുപയോഗിക്കാൻ കഴിയാത്ത മാലിന്യങ്ങൾ സിമന്റ് ഫാക്ടറികളുടെ ചൂളയിലേക്കും, ഭൂമി നികത്താനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

കെ.ശ്രീജിത്ത്, പ്രൊജക്ട് മാനേജർ, ക്ലീൻ കേരള കമ്പനി.

 പുനരുപയോഗിക്കാവുന്നത്

പ്ലാസ്റ്റിക് കവറുകൾ, ടയർ, ലോഹം, ഇരുമ്പ്

 പുനരുപയോഗിക്കാൻ കഴിയാത്തത്

ട്യൂബ് ലൈറ്റ്, എൽ.ഇ.ഡി ബൾബുകൾ, മറ്റ് ഇ-മാലിന്യങ്ങൾ

 5355.487 മെട്രിക് ടൺ - ക്ലീൻ കേരള കമ്പനിക്ക് ആകെ ലഭിച്ച അജൈവ മാലിന്യം
 4904.993 മെട്രിക് ടൺ മാലിന്യവും പുനരുപയോഗിക്കാൻ കഴിയാത്തത്

 41.631 മെട്രിക് ടൺ - പൊടിച്ചുകളഞ്ഞ പ്ലാസ്റ്റിക് മാലിന്യം