നെന്മാറ: ഇന്ന് കുറച്ച് അകലം പാലിച്ചാൽ നാളെയും നല്ല പാൽ വാങ്ങാമെന്ന സന്ദേശം സമൂഹത്തിന് നൽകുകയാണ് കാവശേരി കഴനി ചുങ്കം ക്ഷീരോല്പാദക സഹകരണ സംഘം. ഇവിടെ ആളുകൾക്ക് പാൽ നൽകുന്നത് സാമൂഹിക അകലം പാലിച്ച് പി.വി.സി പൈപ്പിലൂടെയാണ്.
കൊവിഡ് കാലത്ത് ക്ഷീരസംഘത്തിൽ പാൽ വാങ്ങാനെത്തുന്ന ആളുകൾ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശം അക്ഷരംപ്രതി പാലിക്കാനാണ് സംഘം ജീവനക്കാരുടെ വ്യത്യസ്തമായ പരീക്ഷണം. പാൽ വാങ്ങാൻ എത്തുന്നവരുടെ തൊട്ടരികിലെത്താതെ ജീവനക്കാർക്ക് പാൽ വിതരണം ഫലപ്രദമായി നടപ്പാക്കാൻ ഇതുവഴി കഴിയും. നിർദ്ദേശങ്ങൾ നൽകിയിട്ടും ക്ഷീരസംഘത്തിനകത്ത് പാൽ വാങ്ങാൻ എത്തുന്നവരും കൊണ്ടുവരുന്നവരും സാമൂഹിക അകലം പാലിക്കാതെ ഒന്നിച്ചെത്തുന്നത് തുടർന്നപ്പോഴാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയത്.
ക്ഷീരസംഘത്തിലെ മുൻഭാഗത്തെ ജനലിലൂടെ പി.വി.സി പൈപ്പ് നീട്ടി സ്ഥാപിച്ചിട്ടാണ് പാൽ നൽകുന്നത്. ജനലിൽ ഫണൽ കൊണ്ട് സ്റ്റാന്റ് സ്ഥാപിച്ച് അതിനുമുകളിൽ പ്ലാസ്റ്റിക്ക് പാത്രം ഉറപ്പിച്ച് വെച്ചിട്ടുണ്ട്. ഫണലിന്റെ താഴെയുള്ള ദ്വാരത്തിലാണ് പി.വി.സി പൈപ്പ് ഫിറ്റ് ചെയ്തത്. പുറത്തേക്ക് നീട്ടിയ പൈപ്പിനറ്റത്ത് കുപ്പിയോ പാത്രമോ പിടിച്ചാൽ പാൽ വന്നുവീഴും.
കാവശേരി കല്ലംപറമ്പിൽ കൊവിഡ് പൊസിറ്റീവായ അഗ്നിശമനസേന ജീവനക്കാരന്റെ സമ്പർക്കം മൂലം ഗർഭിണിയുൾപ്പടെ 17 പേർ നിരീക്ഷണത്തിലാണ്. ഇതേ തുടർന്നാണ് ജീവനക്കാർ ഇത്തരമൊരു ആശയം പരീക്ഷിച്ചത്. ഇത് വിജയമായതോടെ സാമൂഹിക അകലം പാലിക്കാനും തിരക്കൊഴിവാക്കാനും കഴിയുന്നുണ്ടെന്ന് സംഘം അധികൃതർ പറഞ്ഞു.