വടക്കഞ്ചേരി: മുൻ കാലങ്ങളിൽ നെല്ലുണക്കാനിട്ടിരുന്ന 40 സെന്റ് പാറപ്പുറത്ത് പച്ചക്കറി കൃഷിയിൽ നൂറുമേനി വിളയിക്കാനുള്ള തയ്യാറെടുപ്പിലാണ് വെള്ളക്കുട്ടിയെന്ന കർഷകൻ. മണ്ണുനിറച്ച ആയിരം പ്ലാസ്റ്റിക്ക് ചാക്കുകൾ പാറപ്പുറത്ത് നിരത്തിയാണ് കൃഷി. പയർ, വെണ്ട, മുളക്, ചീര തുടങ്ങി വിവിധയിനം പച്ചക്കറി തൈകളുണ്ട് പഴമ്പാലക്കോട് പാവടിയിലെ വെള്ളക്കുട്ടിയുടെ തോട്ടത്തിൽ.
പുതുനഗരത്തെ കച്ചവടക്കാരിൽ നിന്ന് ഒന്നിന് മൂന്നുരൂപ നിരക്കിൽ സിമന്റ് ചാക്ക് വാങ്ങിയാണ് പാറമുകളിൽ കൃഷിയിറക്കിയിരിക്കുന്നത്. 150 കിലോ കുമ്മായം, 40 ചാക്ക് ചാണകപ്പൊടി, 20 കിലോ വേപ്പിൻ പിണ്ണാക്ക്, 50 കിലോ ചകിരിച്ചോറ് എന്നിവയും വാങ്ങി. ഇതെല്ലാം മണ്ണുമായി യോജിപ്പിച്ച് ചാക്കിൽ നിറച്ച് പാറപ്പുറത്ത് നിരത്താൻ 45 ദിവസമെടുത്തു. ഇതിൽ 24 ദിവസത്തെ പ്രവർത്തനങ്ങൾ തരൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് ചെയ്തുകൊടുത്തത്. ഇതുവരെയുള്ള ആകെ ചെലവ് 20,000 രൂപ.
വി.എഫ്.പി.സി.കെയുടെയും സ്വകാര്യ കമ്പനികളുടെയും ഹെബ്രിഡ് ഇനം വിത്തുകളാണ് നട്ടിട്ടുള്ളത്. നിലവിൽ ചെടികൾക്ക് രണ്ടാഴ്ചത്തെ വളർച്ചയായി. 45 ദിവസമായാൽ വിളവെടുക്കാം. 60,000 രൂപയിലധികം വരുമാനം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളക്കുട്ടി പറഞ്ഞു. തരൂർ കൃഷി ഓഫീസർ ജൂലി ജോർജ്, ഫീൽഡ് അസിസ്റ്റന്റുമാരായ സംഗീത, രജിത, ബിന്ദു എന്നിവർ പാറപ്പുറത്തെ കൃഷിയിടം സന്ദർശിച്ച് വേണ്ട മാർഗ നിർദ്ദേശം നൽകുന്നുണ്ട്. വെള്ളക്കുട്ടിയുടെ സഹായത്തിന് ഭാര്യ ശാരദാമണിയും മക്കളായ ജയശ്രീയും വിജയശ്രീയും ഒപ്പമുണ്ട്.
പൂർണ്ണമായും ജൈവകൃഷിരീതിയാണ്. ജലസേചനത്തിന് മുന്നൂറ് മീറ്റർ ദൂരെയുള്ള കുഴൽകിണറിൽ നിന്നാണ് വെള്ളം എത്തിക്കുന്നത്. വിളവെടുപ്പ് കഴിഞ്ഞാൽ ഇതേ ചാക്കുകളിൽ പച്ചമുളകും വഴുതിനയും നടാനാണ് തീരുമാനം. ഇതോടെ അടുത്ത കൃഷിക്ക് മുതൽമുടക്ക് കുറയുകയും ആദായം കൂടുകയും ചെയ്യും. നെല്ല്, റബ്ബർ, പച്ചക്കറി എന്നിവയായി വെള്ളക്കുട്ടിക്ക് ഏഴ് ഏക്കറോളം സ്ഥലത്ത് വേറെയും കൃഷിയുണ്ട്.