പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ ജനങ്ങളിൽ ഉണ്ടാകാനിടയുള്ള മാനസിക, സാമ്പത്തിക, തൊഴിലില്ലായ്മ തുടങ്ങിയ ആശങ്കകളും മറ്റ് പ്രശ്നങ്ങളും ലഘൂകരിക്കുന്നതിനായി കൗൺസിലിംഗുമായി കുടുംബശ്രീ സ്‌നേഹിത രംഗത്ത്. 'ബി ഫ്രീ ഫ്രം ഫിയർ' കാമ്പയിനിന്റെ ഭാഗമായാണ് പ്രവർത്തനം. കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവരുടെ ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങളും കുടുംബശ്രീ കമ്മ്യൂണിറ്റി കൗൺസിലർമാരുടെ സഹായത്തോടെ ലഘൂകരിക്കും.
ജില്ലയിലെ 13 ബ്ലോക്കുകളിലും 35 പഞ്ചായത്തുകളിലും കുടുംബശ്രീയുടെ കീഴിൽ പ്രവർത്തിക്കുന്ന ജൻഡർ റിസോഴ്‌സ് സെന്ററുകളിലും കമ്മ്യൂണിറ്റി കൗൺസിലിംഗ് സെന്റുകളിലും സേവനം ലഭ്യമാണ്. ആവശ്യമുള്ളവർക്ക് ടെലി കൗൺസിലിംഗ് വഴിയോ നേരിട്ടോ പ്രശ്നം തുറന്നുപറയാം.
കൗൺസിലിംഗ് ഇങ്ങനെ
കുടുംബ പ്രശ്നങ്ങൾ
സ്ത്രീകൾ അഭിമുഖീകരിക്കുന്ന വിഷയങ്ങൾ
സ്പെഷ്യൽ കുട്ടികളുടെ മാനസിക പ്രശ്നം
വിദ്യാർത്ഥികളുടെ പഠന സംബന്ധമായ കാര്യം
മാനസിക പ്രശ്നങ്ങൾ
തൊഴിൽ പ്രശ്നങ്ങൾ
ടോൾ ഫ്രീ നമ്പർ: 18004252018
കമ്മ്യൂണിറ്റി കൗൺസിലർമാരോട് പ്രശ്നം നേരിട്ട് പറയണമെന്നുള്ളവർക്ക് പാലക്കാട് സ്‌നേഹിതയിൽ നേരിട്ടെത്തിയാൽ കൗൺസിലിംഗ് നൽകും. ഇത്തരം കൗൺസിലിംഗ് കൊവിഡ് മാനദണ്ഡം പൂർണമായി പാലിച്ചാണ് നടക്കുക. കൊവിഡ് മൂലം വിവിധ പ്രശ്നങ്ങളാണ് പലരും അഭിമുഖീകരിക്കുന്നത്. കൗൺസിലിംഗ് വഴി ഇവയൊരു പരിധി വരെ കുറയ്ക്കാം.
-പി.സെയ്തലവി, കുടുംബശ്രീ ജില്ലാ കോ-ഓർഡിനേറ്റർ.