പാലക്കാട്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ച ചെറിയ കോട്ടമൈതാനത്തിന്റെ നവീകരണം അതിവേഗം പുരോഗമിക്കുന്നു. ആദ്യഘട്ടത്തിലുൾപ്പെട്ട നടപ്പാത നവീകരണമാണ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്നത്. ചുറ്റുമതിൽ നിർമ്മാണവും പകുതിയോളം പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ആരംഭിച്ച പ്രവർത്തനം തൊഴിലാളി ക്ഷാമവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതകുറവും കാരണം ആദ്യനാളുകളിൽ മന്ദഗതിയിലായിരുന്നെങ്കിലും ഇപ്പോൾ വേഗത കൈവന്നിട്ടുണ്ട്. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് കോടി രൂപയുടെ നവീകരണമാണ് നടക്കുന്നത്. ആദ്യഘട്ടത്തെ പ്രവർത്തനങ്ങൾക്ക് 1.08 കോടി രൂപയാണ് ചെലവ്. ആദ്യഘട്ടം പൂർത്തിയായാൽ ഉടനെ അടുത്തഘട്ടം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ചെറിയ കൊട്ടമൈതാനത്തിന്റെ അകത്തെ നവീകരണമാണ് രണ്ടാംഘട്ടം. ഇതിൽ സ്റ്റേജ് നിർമ്മാണം, ഉള്ളിൽ ചുറ്റും നടപ്പാത, രണ്ട് കവാടങ്ങൾക്കിടയ്ക്കുള്ള സഞ്ചാരപാത, രണ്ട് കവാടങ്ങളുടെയും പുനർനിർമ്മാണം എന്നിവ ഉൾപ്പെടും.
ഒന്നാംഘട്ടം ഒരു മാസത്തിനുള്ളിൽ പൂർത്തിയാകും
ഫണ്ട് അനുവദിക്കുന്നതിലെ കാലതാമസങ്ങളെല്ലാം നീങ്ങിയതോടെ പ്രവർത്തികൾക്ക് വേഗം കൈവന്നിട്ടുണ്ട്. ഒരുമാസത്തിനുള്ളിൽ ഒന്നാംഘട്ടം പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ മൈതാനത്തിന് അകത്ത് നടപ്പാത ഒഴികെയുള്ള എല്ലാഭാഗവും മണൽ വിരിച്ച് വൃത്തിയാക്കും. രക്തസാക്ഷി മണ്ഡപം അതുപോലെ നിലനിർത്തും. കൂടാതെ നേരത്തെ ജലധാര ഉണ്ടായിരുന്ന ഭാഗത്ത് സൈനികരുടെ സ്മരണയ്ക്കായി സ്മാരകം (വാർ മെമ്മോറിയൽ) നിർമ്മിക്കും.
എൻ.സ്വാമിദാസ്,
അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനീയർ, പാലക്കാട് നഗരസഭ