ചെർപ്പുളശ്ശേരി: ഇത് കൊവിഡ് കലമാണ്, കൂട്ടം കൂടുന്നതിനും ഉല്ലാസ യാത്രകൾക്കുമെല്ലാം നിയന്ത്രണങ്ങളുടെ കാലം. എന്നാൽ, ഈ നിയന്ത്രണങ്ങളെല്ലാം മാറുമ്പോൾ സഞ്ചാരികളെ ആകർഷിക്കാൻ മുഖംമിനുക്കുകയാണ് അനങ്ങൻമല. നിലവിലുള്ള ഇക്കോ ടൂറിസമാണ് കൂടുതൽ സൗകര്യങ്ങളോടെ ആകർഷണീയമാക്കുന്നത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ 30 ലക്ഷം രൂപ ചെലവിൽ പ്രകൃതിക്ക് കോട്ടംതട്ടാത്ത വിധത്തിലാണ് മലയിൽ നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുന്നത്.
നിലവിൽ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് അനങ്ങൻമല ഇക്കോ ടൂറിസത്തിന്റെ ഭാഗമായി ഉള്ളത്. സാഹസികത ഇഷ്ടപ്പെടുന്നവർക്കായി മുകളിലേക്ക് കയറാൻ കൈവരികൾ, മലയിലെ പാറയിൽ വീണ് കുട്ടികൾക്ക് അപകടമുണ്ടാകാതിരിക്കാൻ മണ്ണും മണലും ചേർന്നുള്ള മിശ്രിതമിട്ട് നിലമൊരുക്കൽ, കുട്ടികൾക്ക് ഉല്ലസിക്കാനുള്ള ഊഞ്ഞാലുകളുടേയും മറ്റ് കളി ഉപകരണങ്ങളുടേയും നവീകരണം, അനങ്ങൻമലയെയും കൂനൻ മലയെയും തമ്മിൽ ബന്ധിപ്പിക്കുന്ന നടപ്പാലത്തിന്റെ നവീകരണം, പുതിയ ടിക്കറ്റ് കൗണ്ടർ നിർമ്മാണം എന്നിങ്ങനെ നീളുന്നു പ്രവർത്തികൾ. സഞ്ചാരികളുടെ വാഹനം പാർക്ക് ചെയ്യുന്നതിനും മലയടിവാരത്ത് സൗകര്യം ഒരുക്കിയിട്ടുണ്ട്. പറക്കെട്ടുകൾക്കിടയിലെ ചെറിയ വെള്ളച്ചാട്ടത്തോടു ചേർന്ന് കടവുകളോടുകൂടിയ ചെറിയ കുളവും പദ്ധതിയിൽ ഉൾപ്പെടുന്നു.
മലയിലെത്തുന്നവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതോടൊപ്പം ഒരു മികച്ച ടൂറിസം കേന്ദ്രമാക്കി അനങ്ങൻ മലയെ മാറ്റുക എന്നതാണ് വനംവകുപ്പിന്റെ ലക്ഷ്യം. ഈ മാസം അവസാനത്തോടെ തന്നെ നവീകരണ പ്രവർത്തികൾ പൂർത്തിയക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.