dam
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മംഗലം ഡാമിന്റെ മൂന്നുഷട്ടറുകൾ രണ്ട് സെ.മീ ഉയർത്തിയപ്പോൾ

പാലക്കാട്: ജില്ലയിൽ മഴ കനത്തുതുടങ്ങി, അട്ടപ്പാടി ഉൾപ്പെടെ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി നിർദ്ദേശം നൽകി. ശനിയാഴ്ച രാത്രി മുതൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വ്യാപക മഴ ലഭിക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതൽ ഇന്നലെ രാവിലെ എട്ടുവരെ ജില്ലയിൽ ആകെ 211.4 മില്ലി മീറ്റർ മഴ ലഭിച്ചു. ഏറ്റവും കൂടുതൽ

തൃത്താലയിലാണ്. 43.0 എം.എം മഴയാണ് ലഭിച്ചത്. ഞായറാഴ്ച കൂടുതൽ മഴ ലഭിച്ചത് ആലത്തൂരിലാണ് (37.0). എന്നാൽ, ഈ ദിവസങ്ങളിൽ ചിറ്റൂർ, മണ്ണാർക്കാട് ഭാഗങ്ങളിൽ മഴ കുറവായിരുന്നു.

ഈ മാസം എട്ടുവരെ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഇന്ന് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ച്, ആറ് തിയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ ജില്ലയിൽ വ്യാപകമായി മഴ ലഭിക്കും,​ കൂടാതെ മണിക്കൂറിൽ 45 കിലോ മീറ്റർ വേഗതയിൽ കാറ്റുവീശാനുള്ള സാദ്ധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

 ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി

കഴിഞ്ഞ മൂന്നുദിവസമായി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതോടെ നീരൊഴുക്ക് വർദ്ധിച്ച സാഹചര്യത്തിൽ ജില്ലയിലെ മംഗലം - കാഞ്ഞിരപ്പുഴ ഡാമുകളിലെ ഷട്ടരുകൾ ഉയർത്തി. മംഗലം ഡാമിന്റെ മൂന്നുഷട്ടറുകൾ രണ്ടുസെന്റീമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്നലെ രാവിലെ ഡാമിലെ ജലനിരപ്പ് 76.77മീറ്ററായിരുന്നു. 93.02 ആയിരുന്നു കാഞ്ഞിരപ്പുഴ ഡാമിലെ ജലനിരപ്പ്. ഇതോടെ തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകി.

ജൂൺ - ജൂലായ് മാസങ്ങളിൽ കാലവർഷം കുറവായിരുന്നെങ്കിലും ജില്ലയിലെ ഡാമുകളെല്ലാം ജലസമൃദ്ധമായിരുന്നു.

ജില്ലയിലെ മറ്റ് ഡാമുകളിൽ ഇന്നലെ രേഖപ്പെടുത്തിയ ജലനിരപ്പ് (മീറ്ററിൽ); മലമ്പുഴ- 106.09, ചുള്ളിയാർ- 143.18, കാഞ്ഞിരപ്പുഴ- 93.02, പോത്തുണ്ടി- 97.94, വാളയാർ- 196.65, മീങ്കര- 153.04.

 ക്യാമ്പുകൾ സജ്ജമാക്കാൻ നിർദ്ദേശം

കഴിഞ്ഞ രണ്ട് പ്രളയങ്ങളിലും ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചൽ എന്നിവയുണ്ടായ പ്രദേശങ്ങളിലെല്ലാം ക്യാമ്പുകൾ സജ്ജീകരിക്കാൻ തഹസിൽദാർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ ശക്തമായാൽ വെള്ളം കയറാൻ സാദ്ധ്യതയുള്ള പ്രദേശങ്ങളിലും വേണ്ട ക്രമീകരണങ്ങൾ സ്വീകരിക്കാൻ ഫയർഫോഴ്സ്, പൊലീസ് എന്നിവർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

ആർ.പി.സുരേഷ്, എ.ഡി.എം, പാലക്കാട്

 കഴിഞ്ഞദിവസം ലഭിച്ച മഴ ( മില്ലി മീറ്ററിൽ)

തൃത്താല- 43.0

ഒറ്റപ്പാലം - 38.4

കൊല്ലങ്കോട് - 34.8

ആലത്തൂർ - 32.2

പട്ടാമ്പി - 27.4

പാലക്കാട് - 25.6

പറമ്പിക്കുളം - 10.0