home
ഗ്രാ​മാ​ശ്ര​മം ട്രസ്റ്റ് നിർമ്മിച്ച ​വീ​ട്

 പ്രകൃതി സൗഹൃദ ഭവനങ്ങളുമായി ഗ്രാമാശ്രമം

ഒറ്റപ്പാലം: കുറഞ്ഞ ചെലവിൽ വീടെന്ന സ്വപ്നം ഭൂമിയിൽ പണിതുയർത്തുകയാണ് ഗ്രാമാശ്രമം ട്രസ്റ്റ്, പ്രകൃതി സൗഹൃദ ഭവനം. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഉൾപ്പെടെ കേരളത്തിൽ ഇതുവരെ 60 വീടുകളാണ് ട്രസ്റ്റ് യാഥാർത്ഥ്യമാക്കിയത്. 1.60 ലക്ഷം മുതൽ മൂന്ന് ലക്ഷം വരെയാണ് ചെലവ്.


ഒറ്റമുറി മുതൽ മൂന്നുമുറികളുള്ള വീടുവരെയുണ്ടാക്കും. പക്ഷേ, ഒന്നിനും 500 സ്‌ക്വയർ ഫീറ്റിൽ കൂടുതൽ വലിപ്പം നൽകില്ല. മോഡി കൂട്ടുന്നതും, ആഢംബരം വർദ്ധിപ്പിക്കുന്നതുമെല്ലാം വീട്ടുകാരുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് ചെയ്തുകൊടുക്കും. പഴയ ഓടുകളടക്കം പുനരുപയോഗിക്കാവുന്നതെല്ലാം വീട് നിർമ്മാണത്തിന് ഉപയോഗിക്കും. പതിനാല് ദിവസം മതി ഒരുവീടിന്റെ പണി പൂർത്തിയാക്കാൻ. വിദഗ്ദരായ പണിക്കാരുടെ നാല് സംഘങ്ങൾ രംഗത്തുണ്ടാവും.

ഓരോ വീടുകളുടെയും അനുഭവം കൈമുതലാക്കി നിർമ്മാണ രീതിയിൽ ആവശ്യമായ മാറ്റങ്ങൾവരുത്തിയാണ് മുന്നോട്ട് പോകുന്നത്. പ്രകൃതിക്ക് കോട്ടംതട്ടാതെ വീട് വയ്ക്കാൻ പ്രേരിപ്പിക്കുക എന്നതാണ് ട്രസ്റ്റിന്റെ ലക്ഷ്യം. ശാസ്ത്രീയമായ വീട് നിർമ്മാണ സാങ്കേതിക രീതികൾ ഉപയോഗിച്ചു തന്നെയാണ് ഇത്തരം ചെലവ് കുറഞ്ഞ പ്രകൃതി സൗഹൃദ വീടുകളുടെ രൂപകല്പന.

 നാല് വീടുകളുടെ പണി പുരോഗമിക്കുന്നു

ലോക്ക് ഡൗണിന് ശേഷം വിവിധ ഭാഗങ്ങളിലായി പുതിയ നാല് വീടുകളുടെ പണി ആരംഭിച്ചിട്ടുണ്ട്. 2018ലെ പ്രളയത്തിൽ ഭവന രഹിതരായ കുടുംബങ്ങൾ അനുഭവിച്ച പ്രയാസങ്ങൾ നേരിൽ കണ്ടതാണ് വീടില്ലാത്തവർക്ക് ഒരു വീടെന്ന ആശയത്തിന് കാരണമായത്. ഇത്തരം വീട് നിർമ്മിതിയെ കുറിച്ച് അറിഞ്ഞ ഒട്ടേറെ സന്നദ്ധ സംഘടനകളും മറ്റും പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ട്രസ്റ്റിനെ സമീപിക്കുന്നുണ്ട്.

ഫാ. ജിജോ കുര്യൻ, ഗ്രാമാശ്രമം ട്രസ്റ്റ് സാരഥി.