പാലക്കാട്: ഓണ വിപണി ലക്ഷ്യമിട്ട് വാഴകൃഷി ചെയ്ത കർഷകർ പ്രതിസന്ധിയിൽ. കൊവിഡിന്റെ പശ്ചാത്തലത്തിൽ രണ്ടുമാസത്തോളം വിപണി നഷ്ടമായതിന് പിന്നാലെ വിലയിടിവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള നേന്ത്രക്കായ വരവുമാണ് പ്രാദേശിക കർഷക പ്രതീക്ഷയ്ക്ക് മങ്ങലേല്പിച്ചത്.
അന്തർ സംസ്ഥാന ചരക്കുനീക്കം സജീവമായതോടെ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ വാഴക്കുല എത്തുന്നുണ്ട്. വില കുറവാണെന്നതിനാൽ മൊത്തക്കച്ചവടക്കാർക്കും പ്രിയം ഇതിനോടുതന്നെ. കിലോയ്ക്ക് 16-20 വരെയാണ് വില. ഈ മാസം അവസാനമാണ് ഓണം. ഈ ദിവസങ്ങളിൽ കൂടുതൽ ലോഡെത്തുമെന്ന് മൊത്തക്കച്ചവടക്കാർ പറയുന്നു. ഇതോടെ കിട്ടുന്ന വിലയ്ക്ക് വാഴക്കുല വിൽക്കേണ്ട ഗതികേടിലാണ് പ്രാദേശിക കർഷകർ.
കോട്ടായി, കുമരംപുത്തൂർ, വെള്ളപ്പാടം, പയ്യനെടം, വിയ്യക്കുറുശി, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കോട്ടോപ്പാടം, അലനല്ലൂർ, തച്ചനാട്ടുകര, തെങ്കര, കരിമ്പുഴ, അട്ടപ്പാടി തുടങ്ങിയ മേഖലകളിലാണ് കൂടുതൽ വാഴ കർഷകരുള്ളത്. പലരും വായ്പയെടുത്താണ് കൃഷിയിറക്കിയത്. വിലയിടിഞ്ഞതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണിവർ.
വിളവെടുകുമ്പോൾ വിലയില്ല
അന്യസംസ്ഥാന കായക്കുല വരവ് കൂടിയതോടെ പ്രാദേശിക കർഷകർ വില കുറച്ചുനൽകാൻ നിർബന്ധിതരായി.
കിലോയ്ക്ക് 10 മുതൽ 17 രൂപ വരെയാണ് ഇപ്പോൾ ലഭിക്കുന്നത്.
മുൻ കാലങ്ങളിൽ 40 രൂപ വരെ ലഭിച്ചിരുന്നിടത്താണ് ഈ അവസ്ഥ.
ഒന്നാം നമ്പർ കായകൾക്കാണ് 15 രൂപയിലധികം ലഭിക്കുക.
മറ്റുള്ളവയ്ക്ക് പത്തും പന്ത്രണ്ടും രൂപയേ ലഭിക്കൂ.
പത്തോ പതിനഞ്ചോ കുല കൊണ്ടുപോയാൽ മൂന്നോ നാലോ മാത്രമേ ഒന്നാം നമ്പറായി കണക്കാക്കൂ.
30 വർഷമായി വാഴക്കൃഷി ചെയ്യുന്നു. 11 ഏക്കറിലാണ് കൃഷി. വാഴ ഒന്നിന് ചുരുങ്ങിയത് 250 രൂപ ചെലവുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വലിയ നഷ്ടമാണ്. ഇപ്പോഴത്തെ മാർക്കറ്റ് വിലയ്ക്ക് വളത്തിന്റെ കാശുപോലും ലഭിക്കില്ല. അടുത്ത സീസണിലും നഷ്ടം സഹിച്ച് വാഴകൃഷി ചെയ്യാൻ കഴിയില്ല. കപ്പ, ചേന തുടങ്ങിയവ പരീക്ഷിക്കാനും ആലോചിക്കുന്നുണ്ട്.
-മാത്യു ലൂക്കോസ്, തച്ചമ്പാറ