ഹരിത കർമ്മസേനയെ ആദായകരമാക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ്
പാലക്കാട്: ഹരിത കർമ്മസേനയെ ആദായകരമായ സംരംഭകത്വമായി മാറ്റാൻ കുടുംബശ്രീയുടെ സഹായത്തോടെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നു. തദ്ദേശ സ്വയംഭരണവകുപ്പിന്റെ മാലിന്യ സംരംഭകത്വ പരിപാടിയുടെ ഭാഗമായി ഇലക്ട്രോണിക് ഉല്പന്നങ്ങളും അജൈവമാലിന്യങ്ങളും ഇനിമുതൽ വീടുകളിൽ നിന്നും സംഭരിക്കും. മാലിന്യം സംഭരിക്കാൻ കലണ്ടറും തയ്യാറാക്കി.
അജൈവ മാലിന്യങ്ങൾ, പുനഃചംക്രമണ സാധ്യതയുള്ള ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഹരിത കർമ്മസേന മുഖേന ശേഖരിക്കുന്നതിന് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്), എന്നിവ തദ്ദേശഭരണ സ്ഥാപനങ്ങൾ വഴി രൂപീകരിക്കും. ആർ.ആർ.എഫ് സ്ഥാപിക്കാനുള്ള കെട്ടിടം, വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളോ നഗരസഭകളോ ലഭ്യമാക്കും.
50 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ഉല്പന്നങ്ങൾ, ടയർ, റബ്ബർ ഉല്പന്നങ്ങൾ, തുകൽ, ലോഹങ്ങൾ എന്നിവ ശേഖരിക്കും. കൂടാതെ ഓരോ പ്രദേശത്തെ സ്ഥാപനങ്ങളുടെ പ്രവർത്തനവും ചടങ്ങുകളും ഹരിത ചട്ടമനുസരിച്ച് നടത്താൻ ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാൻ ഹരിത കർമ്മസേന വാർഡുതലത്തിൽ യൂണിറ്റുകൾ ആരംഭിക്കും. ഇവർക്കുള്ള പരിശീലനവും അടിസ്ഥാന സൗകര്യങ്ങളും ഹരിത കേരള മിഷൻ, കുടുംബശ്രീ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവ സംയുക്തമായി നൽകും.
മാലിന്യശേഖരണം ഇങ്ങനെ
പഴയ ചെരുപ്പ്, ബാഗ് - ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിൽ
ഇ-മാലിന്യം - മാർച്ച്, ജൂൺ, ഡിസംബർ
മരുന്ന് സ്ലിപ്പുകൾ - ജനുവരി, മാർച്ച്, ജൂൺ, സെപ്തംബർ, ഡിസംബർ
ഗ്ലാസ് മാലിന്യം - ഫെബ്രുവരി, മെയ്, ആഗസ്റ്റ്, നവംബർ
തുണി മാലിന്യം - ഏപ്രിൽ, സെപ്തംബർ
ഒരുപഞ്ചായത്തിൽ 30 പേർക്ക് തൊഴിൽ
മാലിന്യ സംസ്‌കരണത്തിന് സ്ഥിരം സംവിധാനം ഒരുക്കുകയെന്ന ലക്ഷ്യത്തോടൊപ്പം നിരവധിയാളുകൾക്ക് വരുമാനം ഉറപ്പാക്കാനും സാധിക്കും. ഒരു പഞ്ചായത്തിലെ കുറഞ്ഞത് 30 സ്ത്രീകൾക്ക് തൊഴിൽ ലഭിക്കും. ആഗസ്റ്റ് 15ന് പ്രവർത്തനം ആരംഭിക്കും. പുനരുപയോഗിക്കാൻ കഴിയാത്ത വസ്തുക്കൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് നിശ്ചിത തുകയ്ക്ക് നൽകും.
വൈ.കല്യാണകൃഷ്ണൻ, ഹരിത കേരള മിഷൻ, ജില്ലാ കോ-ഓർഡിനേറ്റർ