വടക്കഞ്ചേരി: പഞ്ഞകർക്കടകം മനുഷ്യനുമാത്രമല്ല പച്ചക്കറികൾക്കും ചികിത്സാ കാലമാണ്. വള്ളാട്ട് പാവോടിയിലെ ഒരുസംഘം ചെറുപ്പക്കാർ വൃക്ഷായുർവേദ വിധിപ്രകാരം ഒരേക്കർ തരിശുനിലത്ത് ജൈവപച്ചക്കറി കൃഷി ചെയ്ത് മാതൃകയാവുകയാണ്.
അഘോരി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി രഞ്ജിത്, പ്രശോഭ്, ചെന്താമര എന്നിവർ നിലം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. പാവൽ, വെണ്ടയ്ക്ക, പയർ, തക്കാളി, മുളക്, കൂർക്ക, കപ്പ എന്നിവയാണ് വിളവിറക്കിയിട്ടുള്ളത്. വൃക്ഷായുർവേദ വിധിപ്രകാരം തയ്യാറാക്കിയ ഹരിതകഷായം, ജീവാമൃതം എന്നീ വളക്കൂട്ടുകളാണ് ഉപയോഗിക്കുന്നത്. അടിവളമായി ചാണകപ്പൊടിയും സമ്പുഷ്ടീകരിച്ച ജൈവവളങ്ങളും എല്ലുപൊടിയും നൽകും.
കുണപജല കഷായം
വൃക്ഷായുർവേദത്തിൽ പ്രതിപാദിക്കുന്നതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു ജൈവവളകൂട്ടാണ് കുണപജല (ഹരിത കഷായം). ഇതിൽ ഉപയോഗിക്കുന്ന സസ്യങ്ങൾ പ്രധാനമായും കൃഷിയിടത്തിൽ നിന്നുള്ള കളകൾ തന്നെയാണ്. രോഗങ്ങളെയും കീടങ്ങളെയും ചെറുക്കൻ സഹായിക്കുന്ന സസ്യങ്ങളുടെ ഇലകളും ഉപയോഗിക്കാം.
കഷായം തയ്യാറാക്കുന്നത്
സസ്യങ്ങളുടെ ഇലകൾ അരിഞ്ഞത് 200 ലിറ്റർ ശേഷിയുള്ള വീപ്പയിൽ പകുതിഭാഗം നിറയ്ക്കും. ഇതിലേക്ക് പച്ചച്ചാണകം, ഗോമൂത്രം, ഉഴുന്ന് പൊടി, പൊടിച്ച ശർക്കര, 85 ലിറ്റർ വെള്ളം എന്നിവ ചേർത്ത് ഇളക്കും. വീപ്പയടച്ച് തണലിൽ സൂക്ഷിക്കണം. ദിവസവും മൂന്ന് മിനിറ്റ് നേരം ഇളക്കണം. ഇലകൾ നന്നായി പുളിച്ച് നുര ശമിക്കുന്നതുവരെ പുളിക്കാൻവെക്കും. 10 മുതൽ 20 ദിവസങ്ങൾക്കുള്ളിൽ ഹെർബൽ കുണപജല തയ്യാറാകും.
ഉപയോഗിക്കേണ്ട വിധം
ഇലകൾ നന്നായി പിഴിഞ്ഞ് അരിച്ചെടുത്ത ലായനി 10 മുതൽ 20 മില്ലീലിറ്റർ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി ആഴ്ചയിലൊരിക്കൽ ചെടികളിൽ തളിക്കാം. ഇലകളുടെ അവശിഷ്ടങ്ങൾ ജൈവവളമായി ഉപയോഗിക്കാം.
വൃക്ഷായുർവ്വേദത്തിൽ സസ്യങ്ങളുടെ ആരോഗ്യവും ഉല്പാാദനശേഷിയും വർദ്ധിപ്പിക്കുന്നതിനും കീടരോഗനിയന്ത്രണത്തിനുമായി നിരവധി ആശയങ്ങൾ പറയുന്നുണ്ട്.മണ്ണൊരുക്കുന്നതും നടീലും പോഷണവും തുടങ്ങി ഉല്പന്നങ്ങളുടെ വില നിർണയം വരെഉൾപ്പെടുന്നു.