പാലക്കാട്: കാലവർഷക്കെടുതി സാദ്ധ്യത മുന്നിൽകണ്ട് രക്ഷാപ്രവർത്തനത്തിനായി കേന്ദ്ര ദുരന്തനിവാരണ പ്രതികരണ സേനയുടെ 22 അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യേക സംഘം ജില്ലയിലെത്തി. ഗവ. വിക്ടോറിയ കോളേജിലാണ് സംഘത്തിനായി ക്യാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. 10 പേർ വീതം ഉൾക്കൊള്ളാവുന്ന മൂന്നു ബോട്ടുകൾ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനുള്ള ഉപകരണങ്ങളുമായാണ് ഇന്നലെ പുലർച്ചെ സംഘമെത്തിയത്.
മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള അട്ടപ്പാടി, നെല്ലിയാമ്പതി, മണ്ണാർക്കാട്, കോട്ടോപ്പാടം മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള അട്ടപ്പാടി ചുരം മേഖല, എത്തിപ്പെടാൻ ഒറ്റവഴി മാത്രമുള്ള നെല്ലിയാമ്പതി മേഖല എന്നിവിടങ്ങളിലെ പ്രത്യേകതയും ദുരന്തസാധ്യതകളും ജില്ലാ കലക്ടർ വിശദീകരിച്ചു. മലമ്പുഴ, കാഞ്ഞിരപ്പുഴ, മംഗലം ഡാമുകളുടെ പ്രദേശങ്ങളും സംഘം സന്ദർശിക്കും.