പെട്ടിമുടിപോലെ ഒരു മഴക്കാലത്ത് പാടെ അസ്തമിച്ചുപോയ ഗ്രാമമാണ് അളുവാശേരി ചേരുംകാട്. കൂട്ടമായൊരു നിലവിളിക്ക് പോലും സമയം നൽകാതെ ഒരൊറ്റ മണ്ണിടിച്ചിലിൽ പിഞ്ചുകുഞ്ഞടക്കം പത്തുജീവനുകൾ പൊലിഞ്ഞ, വേദനകളുടെ സംഗമ ഭൂമിക , ചേരുംകാട്.
നാടിനെ നടുക്കിയ ആ മഴദുരന്തം നടന്നിട്ട് ഈ മാസം 16ന് രണ്ടാണ്ട് തികയുമ്പോഴും ചേരുംകാട് നിന്ന് സർക്കാരിന്റെ വാക്ക് വിശ്വാസിച്ച് കുടിയിറങ്ങിയവർ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകാതെ ആശങ്കയിലാണ്.
ഭൂമിവാങ്ങാനാവാതെ
പ്രതിസന്ധിയിൽ
2018 ആഗസ്റ്റ് 16നായിരുന്നു പാലക്കാട് നെന്മാറയ്ക്ക് സമീപം അളുവാശേരിയിൽ ഉരുൾപൊട്ടലുണ്ടായത്. 10 മനുഷ്യജീവനുകൾ പൊലിഞ്ഞു. മൂന്ന് വീടുകൾ പൂർണമായും തകർന്നു. ആ വീടുകൾ നിലനിന്ന ഭൂമിപോലും അവശേഷിക്കാതെ സകലതും മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി. ഒമ്പത് വീടുകൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. അത്രയും കാലം സ്വന്തമെന്ന് കരുതിയിരുന്നതെല്ലാം നഷ്ടപ്പെട്ടു. ജീവിതം തിരിച്ചു പിടിക്കാനുള്ള ഈ കുടുംബങ്ങളുടെ ശ്രമങ്ങൾക്ക് മുന്നിൽ ഇപ്പോഴും കടമ്പകളേറെയുണ്ട്. എത്രയും വേഗം ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടതിന് പകരം നടപടികൾ അനന്തമായി നീളുകയാണ്.
ഉരുൾപൊട്ടലിൽ വീട് പൂർണമായും തകർന്ന കുടുംബങ്ങൾക്ക് ബത്ലഹേം എന്ന സാമൂഹ്യ സന്നദ്ധ സംഘടനയുടെ നേതൃത്വത്തിൽ മൂന്ന് വീടുകൾ നിർമ്മിച്ചു നൽകി. ബാക്കിയുള്ളവർ ഇപ്പോഴും വീട് എന്നെങ്കിലും കിട്ടുമെന്ന് പ്രതീക്ഷയിൽ സർക്കാരിന്റെ അതിഥി അഭയാർത്ഥികളായി കഴിയുകയാണ്. ഉരുൾപൊട്ടലിന് ശേഷം പ്രദേശത്ത് ജിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ ഈ മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് നിർദ്ദേശിച്ചിരുന്നു. ഇതെത്തുടർന്നാണ് ചേരുംകാട് നിവാസികളായ പട്ടികജാതി കുടുംബങ്ങളെ നെന്മാറയിലെ ജലവിഭവ വകുപ്പിന്റെ ക്വാർട്ടേഴ്സിലേക്ക് മാറ്റിപ്പാർപ്പിച്ചത്. അന്ന് ഭൂമിവാങ്ങാൻ ആറു ലക്ഷവും വീട് നിർമ്മാണത്തിന് നാല് ലക്ഷവുമാണ് സർക്കാർ ഇവർക്ക് വാഗ്ദാനം ചെയ്തത്. പക്ഷേ, വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, ഇവരോട് ചെയ്യുന്നത് മറ്റൊരു ക്രൂര വഞ്ചന കൂടിയാണ്. സർക്കാർ ഉറപ്പ് വിശ്വസിച്ച് ഇവരിൽ ചിലർ വട്ടിപ്പലിശക്ക് കടമെടുത്തും സ്വർണം വിറ്റും ഭൂമിവാങ്ങി, ഇപ്പോൾ വീടില്ല, പകരം കടത്തിനുമേൽ കടം മാത്രം. സ്വന്തം പേരിൽ ഭൂമി ഉള്ളതിനാൽ ഇവർ സർക്കാർ ആനുകൂല്യത്തിന് അർഹരല്ലെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. ഇതോടെ സർക്കാരിന്റെ വാക്ക് വിശ്വസിച്ച് വീട് വിട്ടിറങ്ങിയവർ പെരുവഴിയാധാരമാകുമോ എന്ന ആശങ്കയിലാണ്.
പ്രളയ സെസും
പാഴായി
നിസാരമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ പുനരധിവാസം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കഴിയുമെങ്കിലും ഉത്തരവാദിത്തപ്പെട്ടവർ നിരുത്തരവാദപരമായ സമീപനം തുടരുകയാണെന്നാണ് ആരോപണം. നഷ്ടങ്ങളുടെ കണക്കുമായി ചേരുംകാട് നിവാസികൾ പഞ്ചായത്ത്, കളക്ടർ, എം.എൽ.എ - എം.പിമാരുടെ ഓഫീസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് നാളേറെയായി. ഇവിടങ്ങളിൽ നിന്നൊന്നും വ്യക്തമായ മറുപടി പോലും ലഭിക്കുന്നില്ലെന്നാണ്ആക്ഷേപം.
2018 മുതൽ സർക്കാർ പ്രളയ സെസ് പിരിച്ചിരുന്നെങ്കിലും ഈ തുക അർഹിക്കുന്നവർക്ക് എത്തുന്നില്ല എന്നതിന്റെ തെളിവാണ് ചേരുംകാടിനോടുള്ള അവഗണന വ്യക്തമാക്കുന്നത്.
കരടിയോട്ടെ കാര്യങ്ങൾ
ശരിയാകുന്നുണ്ട്
ആദ്യപ്രളയത്തിൽ മണ്ണാർക്കാട് തിരുവിഴാംകുന്നിന് സമീപം കരടിയോട് മലയിലുണ്ടായ അപ്രതീക്ഷിതമായ ഉരുൾപൊട്ടലിൽ മൂന്നുപേരാണ് മരിച്ചത്. പ്രദേശം വാസയോഗ്യമല്ലെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്ന് ഇവിടെ നിന്ന് 15 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഇവരുടെ പുനരധിവാസം ഒച്ചിഴയും പോലെയാണെങ്കിലും കാര്യങ്ങൾ പലതും സർക്കാർ ഫയലിലെ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കാതെ നടപ്പായി എന്നത് തന്നെ വലിയ ആശ്വാസമാണ്.
പ്രദേശത്തുനിന്ന് മാറ്റിയവർ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പിലാണ് താമസിച്ചിരുന്നത്. ക്യാമ്പുകൾ അവസാനിച്ചതോടെ പലരും പെരുവഴിയിലായി. ചിലർ ബന്ധുവീടുകളിൽ ആശ്രയം തേടി. മറ്റു ചിലർ 3000 മുതൽ 5000 രൂപ വരെ വാടക കൊടുത്ത് താമസിച്ചു. മറ്റു ചിലർ സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് താത്കാലിക ഷെഡ് വച്ച് താമസിക്കുകയാണ്.
ജിയോളജി വകുപ്പിന്റെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസികളുടെ പുനരധിവാസം റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിൽ നിന്നും 10 ലക്ഷം രൂപ പാസാകുകയും ചെയ്തിട്ടുണ്ട്. ആദ്യ ഗഡു ലഭിച്ച 13 പേർ സ്ഥലം വാങ്ങുകയും പത്തുപേരുടെ വീടുപണി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടുപേർക്ക് സ്ഥലം പോലും കിട്ടിയിട്ടില്ല. എസ്.ടി ഡിപ്പാർട്ടുമെന്റിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുടെ ഇടപെടലിനെത്തുടർന്ന് ഒരു സ്വകാര്യ കരാറുകാരനെയാണ് വീടുകളുടെ നിർമ്മാണം ഏല്പിച്ചിരിക്കുന്നത്.
ഇനിയൊരു ദുരന്തത്തിന് കാത്തുനിൽക്കാതെ ഇവരുടെ പുനരധിവാസം സംബന്ധിച്ച് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉടൻ നടപടിയുണ്ടാകണമെന്നാണ് ആവശ്യം.