rain
.

പാലക്കാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതുപ്രകാരം അതിതീവ്രമോ അതിശക്തമോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 204.5 മി.മീ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.

രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ കുന്തിപ്പുഴ,​ ഭാരതപ്പുഴ,​ വെള്ളിയാർ,​ ഗായത്രിപ്പുഴ തുടങ്ങിയ ജില്ലയിലെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. പലയിടത്തും മരം വീണും മറ്റും റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധവും പലയിടത്തും താറുമാറായി. കേന്ദ്രദുരന്ത നിവാരണ സേനാംഗങ്ങളും റവന്യൂ- പൊലീസ്- ഫയർ ഫോഴ്സ് അധികൃതരും ജാഗ്രതയോടെ രക്ഷാപ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കം നടത്തുന്നുണ്ട്.

അട്ടപ്പാടിയിലെ ഉരുൾപൊട്ടൽ,​ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ക്യാമ്പുകൾ സജ്ജമാക്കി. പുലിയറ, കുറുവമ്പാടി, ഇന്ദിരാ കോളനി, ചിറ്റൂർ, ഒക്കോട്, നക്കുപതി മേഖലകളാണ് പ്രധാനമായും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലകളായി കണ്ടെത്തിയത്. ഇവിടങ്ങളിൽ ജനങ്ങൾക്ക് സുരക്ഷാ മുൻ കരുതൽ എടുക്കാനും സ്വമേധയായോ അധികൃതർ നിർദേശിക്കുന്ന ഇടങ്ങളിലേക്കോ മാറിതാമസിക്കാൻ നിർദേശമുണ്ടെന്ന് ജില്ലാ ജിയോളജിസ്റ്റ് എസ്.സൂരജ് അറിയിച്ചു.

അഗളി വില്ലേജിൽ ഉൾപ്പെടുന്ന പുലിയറയിൽ 12 കുടുംബങ്ങളാണ് മണ്ണിടിച്ചൽ ഭീഷണി നേരിടുന്നത്. മഴ ശക്തമായാൽ ഇവരെ മാറ്റുന്നതിനായി അഗളി ജി.എൽ.പി.എസ്, അഗളി ഹൈസ്‌കൂൾ എന്നിവടങ്ങളിൽ പ്രത്യേക ക്യാമ്പ് കണ്ടെത്തി. അഗളി വില്ലേജിന് കീഴിൽ വരുന്ന ചിറ്റൂർ, നക്കുപതി, ഇന്ദിരാ കോളനി പ്രദേശങ്ങളിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മഴ ശക്തമായാൽ ജനങ്ങളെ മാറ്റുന്നതിനുള്ള സൗകര്യം ചെയ്തിട്ടുള്ളതായും വില്ലേജ് ഓഫീസർ ആർ.സജികുമാർ അറിയിച്ചു.

കള്ളമല വില്ലേജിലുള്ള ഒക്കോട് മേഖലയിൽ 18ഓളം കുടുംബങ്ങളാണുള്ളത്. പാറയിൽ വിള്ളൽ നേരിടുന്ന പ്രദേശത്ത് മഴ ശക്തമാവുന്നതിനാൽ ഇവരെ മാറ്റാൻ വില്ലേജ് അധികൃതർ നിർദേശിച്ചിട്ടുണ്ട്. എം.ആർ.എസ് മുക്കാലിയിലെ ക്വാർട്ടേഴ്സിൽ ക്യാമ്പ് തുറക്കുന്നതിനാവശ്യമായ സജ്ജീകരണം ഒരുക്കി.

ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലയായ ഷോളയൂർ വില്ലേജിലുൾപ്പെടുന്ന കുറുവമ്പാടി പ്രദേശത്ത് 100 ലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ മാറ്റുന്നതിനായി ഉണ്ണിമല ചർച്ച്, പാരിഷ് ഹാൾ എന്നിവിടങ്ങളിൽ സൗകര്യമൊരുക്കിയതായി വില്ലേജ് അധികൃതർ അറിയിച്ചു.

വാളയാർ ഡാം ഇന്ന് തുറക്കും

ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാളയാർ ഡാമിലെ ജലനിരപ്പ് 199.95 മീറ്ററായി ഉയർന്നു. ഡാമിന്റെ സംഭരണ ശേഷി 203 മീറ്ററാണ്. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് 200.74 മീറ്ററായി ഉയർന്നാൽ ഇന്ന് തുറക്കുമെന്ന് ജില്ലാ കലക്ടർ ഡി.ബാലമുരളി അറിയിച്ചു.

മംഗലം, കാഞ്ഞിരപ്പുഴ ഡാമുകൾ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പുഴയിൽ മൂന്ന് ഷട്ടറുകൾ 120 സി.എം തുറന്നിട്ടുണ്ട്. ഡാമിന്റെ പരമാവധി ശേഷി 97.50 മീറ്ററാണ്. നിലവിലെ വെള്ളത്തിന്റെ അളവ് 94.17 മീറ്ററാണ്. 93.09 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് ഡാം തുറന്നത്.

മംഗലം ഡാമിലെ ആറ് ഷട്ടറുകളും 55സി.എം വരെ തുറന്നു. ഡാമിന്റെ ശേഷി 77.88 മീറ്ററാണ്. 77.14 മീറ്ററുമാണ് നിലവിലെ ജലനിരപ്പ്. 76.93 മീറ്ററിന് മേലെ ജലം ഉയർന്നതിനാലാണ് തുറന്നത്.

മലമ്പുഴ-109.13 (പരമാവധി- 115.06), പോത്തുണ്ടി 100.61 (പരമാവധി- 108.204), മീങ്കര- 153.35 (പരമാവധി- 156.36), ചുള്ളിയാർ- 144.88 (പരമാവധി- 154.08), വാളയാർ- 199.95 (പരമാവധി- 203), ശിരുവാണി- 873.49 (പരമാവധി- 878.5) എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്.