muhammed-riyas

ചെർപ്പുളശ്ശേരി: വിവാഹ സ്വപ്നങ്ങളുമായി ദുബായിൽ നിന്ന് വിമാനം കയറിയ മുഹമ്മദ് റിയാസിനെ (22 )​ വീടണയും മുമ്പ് മരണം തട്ടിയെടുത്തു.ഇന്നേക്ക് 17-ാം ദിവസം റിയാസിന്റെ വിവാഹനിശ്ചയം നടക്കേണ്ടതായിരുന്നു. ഇന്നലെ ഉച്ചയോടെ മുണ്ടക്കുറുശ്ശി മോളൂർ വട്ടപറമ്പിൽ വീട്ടിലേക്ക് എത്തിയത് ആ യുവാവിന്റെ ചേതനയറ്റ ശരീരമായിരുന്നു. സഹോദരൻ നിസാമുദ്ദീനും സുഹൃത്ത് മുഹമ്മദ് മുസ്തഫയ്ക്കും ഒപ്പമാണ് റിയാസ് ദുബായിൽ നിന്ന് തിരിച്ചത്. അപകടത്തിൽ പരിക്കേറ്റ മൂന്നുപേരെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും റിയാസ് അർദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.കഴിഞ്ഞമാസം നടത്താനിരുന്ന വിവാഹ നിശ്ചയം കൊവിഡ് യാത്രാപ്രശ്‌നം കാരണം മാറ്റുകയായിരുന്നു. ഒരു വർഷം മുമ്പാണ് മുഹമ്മദ് റിയാസ് ദുബായിലേക്ക് പോയത്. ചെർപ്പുളശ്ശേരി ഐഡിയൽ കോളേജിൽ കെ.എസ്.യുവിന്റെ യൂണിയൻ ചെയർമാനായിരുന്നു.കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ വീട്ടിലെത്തിച്ച് മോളൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.വി.കെ.ശ്രീകണ്ഠൻ എം.പി, പി.കെ.ശശി എം.എൽ.എ തുടങ്ങിയവർ അന്ത്യാ‌ഞ്ജലി അർപ്പിച്ചു. പിതാവ്: നിസാറുദ്ദീൻ എന്ന മാനുട്ടി. മാതാവ്: സുമയ്യ. സഹോദരങ്ങൾ: നിസാമുദ്ധീൻ, നിയാസ്, നൈന ഫെബിൻ.